തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു


തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വന്ത് (13), അഭിനവ് (12) എന്നിവരാണ് മരിച്ചത്. എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണിവർ.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയ അഞ്ച് കുട്ടികൾ കയത്തിൽ അകപ്പെടുകയായിരുന്നു. ഇവരിൽ മൂന്ന് പേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. പിന്നീട് രണ്ട് പേർ കൂടി ഉണ്ടെന്നറിയുകയും അവരെയും പുറത്തെടുത്ത് ഉടൻ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോടു നിന്നെത്തിയ 14 പേരടങ്ങിയ സംഘത്തിലുള്ളവരാണിവർ. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.