കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദേശം


ന്യൂഡല്‍ഹി: കാര്‍ഷിക വിരുദ്ധ നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ
രൂക്ഷവിമര്‍ശനം. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. അല്ലങ്കില്‍ തങ്ങള്‍ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

കേന്ദ്രത്തിന്റെ നടപടികള്‍ നിരാശപ്പെടുത്തുന്നുവെന്നും ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അതൃപ്തി രേഖപ്പെടുത്തിയ കോടതി പ്രശ്നപരിഹാരത്തിന് എന്ത് നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്നും ആരാഞ്ഞു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കാര്‍ഷിക ബില്ലിനെതിരെ ഒന്നര മാസമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ചുകൊള്ളാന്‍ കേന്ദ്രം കര്‍ഷക നേതാക്കളോടു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലായിരുന്നു കര്‍ഷക സംഘടനകള്‍.

തലസ്ഥാനത്തെ സ്തംഭിപ്പിച്ച് തുടരുന്ന കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരൂടെ തീരുമാനം. വൈകാതെ ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കാനും, അഞ്ച് അതിര്‍ത്തികളിലുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക