ഈ സമരത്തിൽ വൃദ്ധനായ ഞാൻ കാലിടറി വീണെന്ന് വരും, പക്ഷെ എന്റെ സഖാക്കള്‍ കൂടുതല്‍ ആവേശത്തോടെ ലക്ഷ്യത്തില്‍ എത്തുകതന്നെ ചെയ്യും; സത്യപ്രതിജ്ഞ വേദിയിൽ മുരളിയുടെ ശബ്ദത്തില്‍ എകെജിയുടെ വാക്കുകള്‍


‘ഈ സമരത്തില്‍ വൃദ്ധനായ ഞാന്‍ കാലിടറി വീണെന്ന് വരും. ലക്ഷ്യത്തില്‍ എത്താന്‍ എനിക്ക് കഴിഞ്ഞില്ലെന്ന് വരും. പക്ഷെ എന്റെ സഖാക്കള്‍ എന്റെ മാര്‍ഗ്ഗത്തില്‍ കൂടുതല്‍ ആവേശത്തോടെ മുന്നേറുകയും ലക്ഷ്യത്തില്‍ എത്തുകയും ചെയ്യും. ഭാരതത്തില്‍ ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും കഷ്ടപ്പെടുന്ന എല്ലാ ഇടത്തരക്കാരന്റെയും വസന്തകാല വരികയും ചെയ്യും. ഈ വസന്തത്തിന്റെ പിറവി കാണാന്‍ അതിനായി ആഗ്രഹിക്കുന്ന എനിക്ക് കഴിഞ്ഞില്ലെങ്കിലും ദുഖമുണ്ടാകില്ല. കാരണം എന്റെ സഖാക്കള്‍ക്ക് അത് കാണാന്‍ കഴിയും അത് നിശ്ചയമാണ്.’

യശശരീരനായ ഭരത് മുരളിയുടെ ശബ്ദത്തി എ.കെ.ജി യുടെ വാക്കുകൾ പഴയ ദൃശ്യങ്ങളുടെ അകമ്പടിയോടെ സത്യപ്രതിജ്ഞാ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സിലുള്ളവർ ആവേശത്തോടെയും വൈകാരികവുമായാണ് ഇത് കണ്ടിരുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി വേദിയിൽ അവതരിപ്പിച്ച നവകേരള ഗീതാജ്ഞലി എന്ന പരിപാടിയുടെ ഭാഗമായിരുന്നു ഇത്.

പ്രശസ്തരായ 54 ഗായകരും സംഗീതജ്ഞരും അണിചേര്‍ന്ന സംഗീത വിരുന്നോടെയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. 2.45 ഓടു കൂടി ആരംഭിച്ച ‘നവകേരള ഗീതാഞ്ജലി’ എന്ന് പേരിട്ടിരിക്കുന്ന സംഗീതസദ്യക്ക് ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് തുടക്കം കുറിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ വെര്‍ച്വലായി നടന്ന സംഗീതാവിഷ്‌കാരത്തില്‍ എ ആര്‍ റഹ്മാന്‍ എന്നിവരും പിണറായി സര്‍ക്കാരിന് അഭിനന്ദവുമായി എത്തിയിരുന്നു. ചടങ്ങിന്റെ സമര്‍പ്പാവതരണം നടത്തിയത് ചലച്ചിത്ര താരം മ്മൂട്ടിയാണ്.

ഡോ. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകന്‍ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്.

ഇ.എം.എസ് മുതല്‍ പിണറായിവരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതായിരുന്നു സംഗീത ആല്‍ബം. മലയാളത്തില്‍ ആദ്യമായാണ് ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം പുറത്തിറങ്ങുന്നത്. പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം നിര്‍വഹിച്ചത്. സംഗീതം ചിട്ടപ്പെടുത്തിയത് രമേശ് നാരായണനാണ്. ആര്‍ എസ് ബാബു ആണ് പ്രോജക്ട് കോഡിനേറ്റര്‍. മണ്‍മറഞ്ഞ കവികളുടേതിന് പുറമെ പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള മീഡിയ അക്കാദമിയും ചേര്‍ന്നാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്