എലത്തൂരിൽ അർധരാത്രി കതക് തുറക്കാൻ കള്ളൻമാരുടെ ഭീഷണി: പേടിയോടെ പ്രദേശവാസികൾ


എലത്തൂർ: എലത്തൂർ ചെട്ടികുളത്ത് വീട്ടമ്മയെ കത്തിമുനയിൽ നിർത്തി സ്വർണവും പണവും കവർന്നതിന് പിന്നാലെ പാലോറമലയിലും കവർച്ചാശ്രമങ്ങൾ. ചൊവ്വാഴ്ച അർധരാത്രി രണ്ട് വീടുകളിലെ മണിയടിച്ച് വീട് തുറക്കാൻ ഭീഷണി മുഴക്കി. പടന്നകളം സർവീസ് റോഡിനടുത്ത് വളപ്പിൽ ഷംസു, ശിവക്ഷേത്രം റോഡിലെ പറമ്പൊത്തൊടുകയിൽ ഗോവർധൻ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കൾ എത്തിയത്.

ജനൽ തുറന്ന് കാര്യം അന്വേഷിച്ചപ്പോഴായിരുന്നു ഷംസുവിന് നേരെ ഭീഷണി മുഴക്കിയത്. അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാൻ വാഹനം വേണമെന്നാണ് രണ്ട് വീട്ടുകാരോടും ആദ്യം ആവശ്യപ്പെട്ടത്. അപകടത്തിൽപ്പെട്ട ആളെവിടെയെന്ന് ചോദിച്ചപ്പോൾ വാതിൽ തുറക്കാനായിരുന്നു ഭീഷണി.

അതിനിടെ, മേഖലയിലെ മൂന്നോളം വീടുകളിൽ കവർച്ചാശ്രമം നടന്നു. മാക്കഞ്ചേരി സ്കൂൾ സർവീസ് റോഡിനടുത്തുള്ള പെരിങ്ങോട്ടുവയലിൽ അയ്യപ്പന്റെ വീടിന്റെ പിറക് വശത്തുകൂടെ അകത്തുകടന്ന മോഷ്ടാവ് വീട്ടുകാർ ഉണർന്നതിനെത്തുടർന്ന് രക്ഷപ്പെട്ടു. ഇവിടെനിന്നെടുത്ത ഇരുമ്പുപാര ഉപയോഗിച്ച് പുറക്കാട്ടിരി പുതിയപാലത്തിനടുത്ത മാണിയഞ്ചേരി ആലിയുടെ വീടിന്റെ വാതിൽ തകർക്കാൻ ശ്രമം നടത്തി.

ജെനിത്ത് ലൈറ്റ് ആൻഡ് സൗണ്ടിന്റെ ഗോഡൗണിലെ ഇരുമ്പുദണ്ഡുകളും മോഷ്ടാക്കൾ കവർന്നു. സമീപത്തെ അടിപ്പാതയുടെ സർവീസ് റോഡിനടുത്തുനിന്ന് ഇരുമ്പുദണ്ഡുകൾ കണ്ടെടുത്തു. അയ്യപ്പന്റെ വീട്ടിൽ കഴിഞ്ഞദിവസം ആക്രി പെറുക്കാൻ മൂന്നുപേർ വന്നിരുന്നതായി വീട്ടുകാർ പറയുന്നു.

സമീപത്തുള്ള കുനിയിൽ പ്രകാശന്റെ വീട്ടിലും മോഷണ ശ്രമമുണ്ടായി. മണ്ണാറത്തറയിൽ രമേശന്റെ വീടിന്റെ ഗേറ്റിന് ഇരുമ്പുദണ്ഡു കൊണ്ടിടിച്ച് ശബ്ദമുണ്ടാക്കി. മേഖലയിലെ പരസ്യബോർഡുകളിലെ ഇരുമ്പു പൈപ്പുകളും പൊളിച്ചുമാറ്റാൻ ശ്രമംനടന്നിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് ചെട്ടികുളം കൊളായിയിൽ ചന്ദ്രകാന്തത്തിൽ വിജയ ലഷ്മിക്ക് നേരെ കത്തികാട്ടി കവർച്ച നടന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് പുതിയങ്ങാടി പാലക്കടയിലും വീട്ടിലും കവർച്ച നടന്നിരുന്നു.