സി.പി.എം നേതാവും, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ കെ.സുനിലിനു നേരെയുള്ള മാവോയിസ്റ്റ് വധഭീഷണിയില്‍ സമഗ്രാന്വേഷണം വേണം


പേരാമ്പ്ര: മാവോയിസ്‌റ്റ്‌ വധഭീഷണിയിൽ സമഗ്രാന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സുനിൽ വടകര റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ചൊവ്വാഴ്ച രാത്രിയിൽ സുനിലിന്റെ അയൽവാസി ഉള്ളാട്ടിൽ ചാക്കോയുടെ വീട്ടിൽ ആയുധങ്ങളുമായെത്തിയ സ്ത്രീ ഉൾപ്പെടെയുള്ള മൂന്നംഗ മാവോയിസ്റ്റ് സംഘം പ്രധാനമന്ത്രി, മുഖ്യമന്ത്രി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌ എന്നിവർക്കെതിരെ ഭീഷണി മുഴക്കി. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ പോസ്റ്ററുകൾ വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റിനെ വകവരുത്തുമെന്നാണ് ഭീഷണി.

തോക്കുമായെത്തിയ സംഘം ഇവരുടെ കൈവശമുള്ള ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പവർ ബാങ്ക് എന്നിവ ചാർജ് ചെയ്‌തു. ഭക്ഷണസാധനങ്ങൾ അപഹരിച്ചു. ഏകദേശം ഒന്നര മണിക്കൂർ വീട്ടിൽ ചെലവഴിച്ച സംഘം വിവരങ്ങൾ പുറത്തുപറയരുതെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് സ്ഥലംവിട്ടത്. ഭീഷണിപ്പെടുത്തുന്ന നോട്ടീസുകൾ മുമ്പും മുതുകാട്ടിൽ വ്യാപകമായി പതിച്ചിരുന്നു.