ഒരു ബഞ്ചില്‍ ഒരു കുട്ടി; കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്


തിരുവന്തപുരം: സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. മലപ്പുറത്തെ രണ്ട് സ്‌കൂളുകളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

കുട്ടികള്‍ തമ്മില്‍ ഇടകലരാന്‍ അനുവദിക്കരുത്. അധ്യാപകര്‍ ഇക്കാര്യം നിരീക്ഷിക്കണം. കൊവിഡ് പരിശോധന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു. കഴിവതും ഒരു ബഞ്ചില്‍ ഒരു കുട്ടിയെന്ന നിര്‍ദ്ദേശം പാലിക്കണമെന്നും കര്‍ശനമാക്കിയ നിര്‍ദ്ദേശം ഉടന്‍ നല്‍കുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു.

ഇന്നലെ മലപ്പുറം മാറഞ്ചേരി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെരുമ്പടപ്പ് വന്നേരി ഹൈസ്‌കൂളിലും മാറഞ്ചേരി മുക്കാല ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായി നടത്തിയ പരിശോധനയില്‍ അധ്യാപകരിലും വിദ്യാര്‍ത്ഥികളും അടക്കം 256 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മാറഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌കൂള്‍ അടിയന്തരമായി അടച്ചു. വന്നേരി സ്‌കൂളില്‍ ഒരു അധ്യാപകന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂളിലെ ജീവനക്കാര്‍ക്കും കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 72 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്.

രോഗ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ രണ്ട് സ്‌കൂളിലും കൂടുതല്‍ പേരില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക