കൊവിഡ് ബാധിച്ച് മരിച്ച നാരായണന് അന്ത്യനിദ്രയ്ക്ക് ഇടമില്ല; ആശ്രയമായി പയ്യോളി നഗരസഭ ചെയര്‍മാന്‍


പയ്യോളി: അഞ്ചുസെന്റ് സ്ഥലത്ത് താമസിക്കുന്ന പാവപ്പെട്ട ഗ്യഹനാഥന്‍ മരിച്ചപ്പോള്‍ ആശ്രയമായത് നഗരസഭാ ചെയര്‍മാന്‍. കോവിഡ് ബാധിച്ച് മരിച്ച ഇരിങ്ങല്‍ പുത്തന്‍കുനിയില്‍ ‘സ്‌നേഹാലയ’ത്തില്‍ നാരായണന്റെ (63) മൃതദേഹം സംസ്‌കരിക്കാനാണ് നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് നേതൃത്വം നല്‍കിയത്.

മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാരായണന്‍ മരിക്കുന്നത്. മൃതദേഹം കൊണ്ടുവന്നാല്‍ എങ്ങനെ മറവുചെയ്യുമെന്നതില്‍ വീട്ടുകാരും നാട്ടുകാരും മറ്റും ആശങ്കയിലായി. കാര്യമായി ഇടപെടാന്‍ കഴിയുന്ന ബന്ധുക്കളുമില്ല. ആഴത്തില്‍ കുഴിയെടുത്താല്‍ വെള്ളംകാണുന്ന സ്ഥലം. ചിതയൊരുക്കാനും സൗകര്യമില്ല.

ഈ സമയം വീട്ടിലെത്തിയ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അവരോട് പറഞ്ഞു: ” നിങ്ങള്‍ വിഷമിക്കാതിരിക്കൂ- കാര്യങ്ങള്‍ ഞാന്‍ ചെയ്യും…”

ഇതോടെ നാരായണന്റെ ഭാര്യ രമ്യയും മകള്‍ യുദത്തും വിങ്ങിപ്പൊട്ടി. വീട്ടുകാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഏര്‍പ്പാട് ഉണ്ടാക്കിയ ചെയര്‍മാന്‍ അവരെ ആശ്വസിപ്പിച്ചുമടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ പി.പി.ഇ. കിറ്റുമണിഞ്ഞ് മെഡിക്കല്‍ കോളേജിലെത്തിയ ചെയര്‍മാന്‍ മൃതദേഹം ഏറ്റുവാങ്ങി. കൂടെ പി.പി.ഇ. കിറ്റുമണിഞ്ഞ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി. പ്രജീഷ് കുമാര്‍, ഡ്രൈവര്‍ മുജേഷ് ശാസ്ത്രി, തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് എം. ജിതിന്‍, യൂത്ത് കോ-ഓഡിനേറ്റര്‍ എസ്.ഡി. സുദേവ് എന്നിവരും. തുടര്‍ന്ന് ആംബുലന്‍സില്‍ നാരായണന്റെ മൃതദേഹവുമായി കോര്‍പ്പറേഷന്റെ വെസ്റ്റ്ഹില്‍ ശ്മാശാനത്തിലെത്തി. അഞ്ചുപേരും ചേര്‍ന്ന് ആചാരപ്രകാരമുള്ള ക്രിയകള്‍ ചെയ്തശേഷം സംസ്‌കാരം നടത്തി.
കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പരിഗണനയില്‍

തിരുവനന്തപുരം: ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗം പരിഗണിക്കും. വൈകുന്നേരം 3.30-നാണ് യോഗം.

ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരും. മറ്റിടങ്ങളില്‍ ഹോട്ടലുകള്‍ക്ക് ഇളവുകള്‍ അനുവദിച്ചേക്കും. കടകളുടെ പ്രവര്‍ത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്.

രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിനു മുകളില്‍ തുടരുകയാണെങ്കിലും തിയേറ്ററുകള്‍ തുറക്കണമെന്നും ബസുകളില്‍ നിന്ന് യാത്രചെയ്യാന്‍ അനുമതി നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ നിലവിലുണ്ട്.