കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറും, കൾച്ചറൽ ബീച്ചും നാടിന് സമർപ്പിച്ചു


കോഴിക്കോട്: സ്വാതന്ത്ര്യസമര സ്മരണകൾ ഇരമ്പുന്ന കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്ക്വയറും കൾചറൽ ബീച്ചും യാഥാർഥ്യമായി. അറിവ്, അനുഭവം, ആനന്ദം എന്നിവയിൽ ഊന്നിയ സജ്ജീകരണങ്ങൾ കടൽത്തീരത്തെ ഇനി കൂടുതൽ സുന്ദരവും ആസ്വാദ്യവുമാക്കും. ഉപ്പ് സത്യഗ്രഹത്തിന്റെയും സാമൂതിരി ഭരണത്തിന്റെയും വിദേശാധിപത്യത്തിന്റെയുമെല്ലാം വീരേതിഹാസങ്ങൾ പുതുതലമുറയ്ക്കായി കടൽത്തീരത്ത് പകർത്തിവച്ച ഫ്രീഡം സ്ക്വയർ ആവേശോജ്ജ്വലമായ കാലത്തിന്റെ സ്മാരകം കൂടിയാണ്.

കടലിന്റെ ഭംഗിയിൽ ആഘോഷങ്ങളെയും സംഗമങ്ങളെയും കൂടുതൽ ആസ്വാദ്യമാക്കുന്ന സംവിധാനങ്ങളാണ് കൾചറൽ ബീച്ചിൽ ഒരുക്കിയിരിക്കുന്നത്. എ.പ്രദീപ്കുമാർ എംഎൽഎയുടെ ഫണ്ടിൽനിന്നു രണ്ടരക്കോടി രൂപ ചെലവഴിച്ചു നിർമിച്ച ഫ്രീഡം സ്ക്വയറും സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ കൾചറൽ ബീച്ചും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നാടിനു സമർപ്പിച്ചു.

കോഴിക്കോടിന്റെ ചരിത്രത്തുടിപ്പുകൾ പുതുതലമുറയ്ക്കായി അടയാളപ്പെടുത്തുന്ന ഈ പദ്ധതികൾ പുതിയൊരു സാംസ്കാരിക അനുഭവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ ആധ്യക്ഷ്യം വഹിച്ചു. ശിലാഫലകം അനാഛാദനം ചെയ്ത മന്ത്രി കെ.കെ.ശൈലജ കടൽത്തീരം ഇത്ര സുന്ദരമായി നാളേക്കു കൈമാറാൻ യത്നിച്ചവരെ അഭിനന്ദിച്ചു.

പത്മശ്രീ നേടിയ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കുള്ള ആദരം മന്ത്രിയിൽ നിന്ന് എ.പ്രദീപ് കുമാർ എംഎൽഎ ഏറ്റുവാങ്ങി. വിനോദ സ‍ഞ്ചാരവകുപ്പ് ഡയറക്ടർ പി.ബാലകിരൺ ഓൺലൈനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ബീന ഫിലിപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ‌ ജമീല, കലക്ടർ സാംബശിവറാവു, കെഎസ്‌സിഎഡിസി മാനേജിങ് ഡയറക്ടർ പി.ഐ.ഷെയ്ഖ് പരീത്, ഡിവിഷൻ കൗൺസിലർ കെ.റംലത്ത്, ബേപ്പൂർ പോർട്ട് ഓഫിസർ അശ്വനി പ്രതാപ്, വിനോദ സഞ്ചാരവകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ സി.എൻ.അനിതകുമാരി, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, ആർക്കിടെക്ടുമാരായ വിനോദ് സിറിയക്, പി.പി.വിവേക്, ഡിടിപിസി സെക്രട്ടറി സി.പി.ബീന, ഉമ്മർ പാണ്ടികശാല തുടങ്ങിയവർ പങ്കെടുത്തു.