ഡെൽറ്റാ പ്ലസിന് പിന്നാലെ ലാംഡയും കപ്പയും, ആശങ്ക പരത്തി പുതിയ കോവിഡ് വകഭേദങ്ങൾ; ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്


കോഴിക്കോട്: കോവിഡിന്റെ ഡെൽറ്റാ പ്ലസ് വകഭേദം രാജ്യത്ത് പടരുന്നതിനിടെ ആശങ്ക സൃഷ്ടിച്ചുകൊണ്ട് പുതിയ വകഭേദങ്ങൾ. പുതിയ വകഭേദങ്ങൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. ബി16173, ബി11318, ലാംഡ, കപ്പ എന്നിവയാണ് പുതിയ വകഭേദങ്ങൾ. ഇതിൽ ബി11318-ന് 14 മ്യൂട്ടേഷനുകൾ വരെ നടക്കാമെന്നാണ് കരുതുന്നത്.

ജൂൺ 23-നാണ് ലാംഡയുമായി ബന്ധപ്പെട്ട അന്വേഷണം ലോകതലത്തിൽത്തന്നെ ആരംഭിച്ചത്. ഡെൽറ്റയുടെ മറ്റൊരു വകഭേദം കൂടിയാണ് കപ്പ. ഇവയ്ക്കെല്ലാം തന്നെ അതീവ വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മൂന്നാം തരം​ഗമുണ്ടായാൽ ഇതിലേതെങ്കിലും ഒരു വകഭേദം കൂടുതൽ വ്യാപിക്കാൻ ഇടവരും എന്ന മുന്നറിയിപ്പാണ് വിദ​ഗ്ധർ നൽകുന്നത്.