നരിപ്പറ്റ കൂവക്കൊല്ലിയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; പത്തുലക്ഷം രൂപയുടെ നഷ്ടം


കുറ്റ്യാടി: നരപ്പറ്റ പഞ്ചായത്തിലെ ആറാം വാര്‍ഡായ താവുള്ള കൊല്ലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിച്ചിപ്പു. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കൂവക്കൊല്ലിയിലെ പതിനഞ്ച് ഏക്കറോളം വരുന്ന പ്രദേശത്താണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. പ്രദേശത്ത് തെങ്ങ്, കവുങ്ങ്, ഇടവിളകൃഷി എന്നിവ കാട്ടാനകള്‍ നശിപ്പിച്ചു.

കൂവക്കൊല്ലിയില്‍ വള്ളില്‍തറ അനന്തന്‍, ഞള്ള് കണ്ടി കേളപ്പന്‍, വള്ളില്‍ത്തറ ഹമീദ്, വള്ളില്‍ത്തറ ദേവി, അണ്ടിത്തോട്ടത്തില്‍ മോഹനന്‍, തലപ്പൊയില്‍ ശങ്കരന്‍, തച്ചര്‍കണ്ടി കൃഷ്ണന്‍, പാറ കുമാരന്‍, എന്‍.കെ. കണാരന്‍, എ.പി ബാബു, സി. ചന്ദ്രന്‍, എടോടി ശശി, നമ്പാടന്‍കണ്ടി നാണു, കണിശന്റെ പറമ്പത്ത് സുരേന്ദ്രന്‍, എടോടി രവി, അമ്മകണ്ടി ബാലന്‍, എസ്. ചന്ദ്രന്‍ എന്നിവരുടെ കൃഷിയിടമാണ് നശിപ്പിച്ചത്.

ജില്ലാ അതിര്‍ത്തിയിലെ വനത്തില്‍ നിന്നാണ് ആനകള്‍ കൂട്ടമായി ഇറങ്ങുന്നത്. പ്രദേശത്ത് കാട്ടാനകള്‍, പന്നികള്‍, കുരങ്ങുകള്‍ എന്നിവയുടെ ആക്രമണം വ്യാപകമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വനംവകുപ്പിന്റെ ഫെന്‍സിങ്ങുകൊണ്ട് ഇവിടെ കാര്യമില്ല. പുല്ല് പടര്‍ന്നു വൈദ്യുതി കണക്ഷന്‍ പോയാല്‍ അതുകൊണ്ട് പ്രയോജനമില്ലാതെ വരും. കിടങ്ങുകള്‍ കെട്ടി ആനക്കൂട്ടം കൃഷിഭൂമിയിലേക്ക് വരുന്നത് തടയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വനംവകുപ്പിന്റെ കുറ്റ്യാടി റെയ്ഞ്ച് ഓഫീസില്‍ നിന്നുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചു.