കടിയങ്ങാട് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത കാര്‍ നിയന്ത്രണം വിട്ട് ഓടിയത് അമ്പത് മീറ്ററോളം ദൂരം: ഒഴിവായത് വന്‍ദുരന്തം


പേരാമ്പ്ര: റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത കാര്‍ നിയന്ത്രണം വിട്ട് ഓടിയത് അമ്പത് മീറ്ററോളം ദൂരം. ഇന്നലെ കടിയങ്ങാട് പെരുണ്ണാമൂഴി റോഡില്‍ ആയിരുന്നു സംഭവം. ഡ്രൈവര്‍ കാര്‍ പാര്‍ക്ക് ചെയ്തു അരമണിക്കൂര്‍ കഴിഞ്ഞാണ് കാര്‍ നീങ്ങിയത്.

ഡ്രൈവര്‍ ഇല്ലാതെ വാഹനം സ്വയം മുന്നോട്ടു നീങ്ങി എതിര്‍ ദിശയിലൂടെ നീങ്ങുന്ന കാറിനെയും സ്‌കൂട്ടി, ബൈക്ക് എന്നിവയെയും ഇടിച്ചശേഷം ഫുഡ്പാത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

രണ്ട് കാറിനും രണ്ട് ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. ടൗണില്‍ വാഹനങ്ങളും ജനങ്ങളുടെയും തിരക്കുള്ള വൈകുന്നേരമായിരുന്നു അപകടം നടന്നത്.

ബൈക്കില്‍ ഇരിക്കുന്ന യുവാക്കള്‍ ബഹളം വെച്ച് ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.