പതിവ് ഇത്തവണയും തെറ്റിയില്ല; വോട്ടെടുപ്പ് കഴിഞ്ഞു, കേന്ദ്രം ഇന്ധന വില കൂട്ടി


കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ ഒരുലിറ്റര്‍ പെട്രോളിന് 92.57 രൂപയും ഡീസലിന് 87.07 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 90.69 രൂപയും ഡീസലിന് 85.31 ഉം കോഴിക്കോട്ട് 91 ഉം 85.62 രൂപയുമായി ഉയര്‍ന്നു.

തെരഞ്ഞെടുപ്പുകാലത്ത് വില കൂട്ടാതിരിക്കുകയും ഫലപ്രഖ്യാപനത്തിന് തൊട്ടുപുറകെ വീണ്ടും വില കൂട്ടുകയും ചെയ്യുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഇന്ധനവില വര്‍ധിപ്പിക്കുന്നത് എണ്ണക്കമ്ബനികളാണെന്നും സര്‍ക്കാരിന് അതില്‍ നിയന്ത്രണമില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. അസംസ്കൃത എണ്ണയുടെ വില കൂടിയതുകൊണ്ട് വില കൂട്ടുന്നുവെന്നാണ് കമ്ബനികളുടെ ന്യായവും.

എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ വില കുത്തനെ കൂടിയിട്ടും ഇന്ധനവില കൂട്ടിയില്ല. കഴിഞ്ഞ മാര്‍ച്ച്‌ എട്ടിന് ക്രൂഡ് ഓയില്‍ വില 71.45 ഡോളറായി ഉയര്‍ന്നിട്ടും വില കൂട്ടാത്ത കമ്ബനികള്‍, വില താരതമ്യേന കുറഞ്ഞ് 67.76 ഡോളറില്‍ നില്‍ക്കുമ്ബോഴാണ് ഇപ്പോള്‍ വില കൂട്ടുന്നത്.

ഇതിനുസമാനമായി 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 ദിവസവും 2017ല്‍ ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 ദിവസവും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ആഴ്ചകളോളവും വിലകൂട്ടല്‍ നിര്‍ത്തിവയ്ക്കുകയും പിന്നീട് തുടര്‍ച്ചയായി വില കൂട്ടുകയും ചെയ്തു. ഇപ്പോള്‍ 65 ദിവസം നിര്‍ത്തിവച്ചശേഷമാണ് വിലകൂട്ടല്‍.