മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലിലും സുരക്ഷ ഒരുക്കി ‘പ്രത്യാശയും, കാരുണ്യയും’


കൊച്ചി: മല്‍സ്യബന്ധനത്തിനിടയില്‍ കടലില്‍ വച്ചുണ്ടാകുന്ന അപകടങ്ങളില്‍ പരിക്ക് ഏല്‍ക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി മറൈന്‍ ആംബുലന്‍സിന്റെ സഹായം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ചിരുന്നു. ഇതിന്റെ ഭഗമായുള്ള അത്യാധുനിക മറൈന്‍ ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയുടെ ഫ്ലാഗ് ഓഫ് ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ നിര്‍വ്വഹിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി, ടി ജെ വിനേദ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

മല്‍സ്യബന്ധനത്തിനിടയില്‍ കടലില്‍ വച്ചുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി മല്‍സ്യത്തൊഴിലാളികളാണ് മരണപ്പെടുകയോ, ഗുരുതരമായി പരിക്ക് ഏല്‍ക്കുകയോ ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി മറൈന്‍ ആംബുലന്‍സിന്റെ സഹായം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ചത്. 3 മറൈന്‍ ആംബുലന്‍സുകളാണ് പദ്ധതിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. പ്രതീക്ഷ, പ്രത്യാശ, കാരുണ്യ. ഇതില്‍ ആദ്യത്തെ മറൈന്‍ ആംബുലന്‍സ് പ്രതീക്ഷ 2020 ആഗസ്റ്റില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മറ്റ് രണ്ട് മറൈന്‍ ആംബുലന്‍സുകളായ പ്രത്യാശയും, കാരുണ്യയും ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

23 മീറ്റര്‍ നീളവും, 5.5 മീറ്റര്‍ വീതിയും, 3 മീറ്റര്‍ ആഴവുമുള്ള മറൈന്‍ ആംബുലന്‍സുകള്‍ക്ക് ഒരേ സമയം പത്ത് പേരെ കിടത്തി കരയില്‍ എത്തിക്കാന്‍ സാധിക്കും.700 Hp വീതമുള്ള 2 സ്‌കാനിയ എഞ്ചിനുകള്‍ ഘടിപ്പിച്ചിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭിക്കും.

ഐ ആര്‍ എസ് മാനഭണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് ബോട്ടുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ഓരോ ആംബുലന്‍സുകളിലും പ്രാഥമീക ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങളും, മരുന്നുകളും 24 മണിക്കൂറും പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.18.24 കോടി രൂപയാണ് പദ്ധതിയ്ക്കായി ചിലവഴിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക