കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍: പൊതുസ്ഥലങ്ങളില്‍ നാളെ മുതല്‍ പരിശോധന; രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ഒഴിവാക്കണം


തിരുവന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയുള്ള അത്രത്തോളം രോഗവ്യാപനമില്ലെങ്കിലും കേരളത്തില്‍ രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും, മാസ്‌ക് ധരിക്കുന്നതിലും ആളുകള്‍ക്കിടയില്‍ വീഴ്ചയുണ്ടായി. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് കേസുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ പൊലീസ് നീരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും. ജനങ്ങള്‍ കൂട്ടം ചേരുന്ന ഷോപ്പിങ് മാളുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കും. പൊതുസ്ഥലങ്ങളില്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പോലീസ് ഉദ്യോഗസ്ഥരെ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വിന്യസിക്കും. സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അതിനാല്‍ പരിപാടികള്‍ അടച്ചിട്ട ഹാളുകള്‍ക്ക് പകരം തുറസായ സ്ഥലങ്ങളിലും വേദിയിലും സാമൂഹിക അകലം പാലിച്ച് നടത്തണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. വിവാഹ ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. രാത്രി 10 മണിക്ക് ശേഷമുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. അത്യാവശ്യത്തിന് മാത്രമായി യാത്ര പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ടെന്നും നിയന്ത്രണങ്ങളില്‍ അയവ് വന്നപ്പോള്‍ കൊവിഡിനെ ഭയക്കേണ്ടതില്ലെന്ന ചിന്ത ജനങ്ങളില്‍ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയേ കൊവിഡിനെ മറികടക്കാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക