വടകരയിൽ മോഷണം വ്യാപകമായി; പിന്നിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം


വടകര: നഗരത്തിൽ മോഷണം കൂടുന്നു. അടച്ചിട്ട വീടുകളിലും സ്ഥാപനങ്ങളിലുമാണ് മോഷണം. പൂട്ടു കുത്തിത്തുറന്ന് കയറുന്നതിനു പുറമേ സ്ഥാപനങ്ങളുടെയും വീടുകളുടെയും പരിസരത്തുള്ള സാധനങ്ങൾ വരെ കൊണ്ടുപോവുന്നു. മേഖലയിൽ തമ്പടിച്ചിരിക്കുന്ന നാടോടി സംഘങ്ങൾക്കെതിരെയാണ് ആരോപണം.

സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘമാണ് പിന്നിലെന്ന് പറയുന്നു. വൈദ്യുത ഉപകരണങ്ങൾ, പാത്രങ്ങൾ, ലോഹങ്ങൾ എന്നിവയാണ് കൊണ്ടുപോവുന്നത്. ആളൊഴിഞ്ഞ സ്ഥലം നേരത്തേ കണ്ടുവച്ച് സൗകര്യപ്രദമായ സമയത്തു വന്ന് മോഷ്ടിക്കുകയാണ്.

പല സ്ഥാപനങ്ങളിലെയും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കളവു നടന്ന വിവരം അറിയുന്നത്. വലിയ വിലയുള്ള സാധനങ്ങൾ നഷ്ടപ്പെടാത്തതു കൊണ്ട് പലരും പൊലീസിൽ പരാതി നൽകുന്നില്ല. മോഷണ മുതലുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനും ചില സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.