കൊയിലാണ്ടിയില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബിജെപി ഓഫീസില്‍ വിതരണം ചെയ്ത സംഭവം; കളക്ടര്‍ക്ക് പരാതി നല്‍കി എല്‍ഡിഎഫ്


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബിജെപി ഓഫീസില്‍ വിതരണം ചെയ്ത സംഭവത്തില്‍ ഇടതുമുന്നണി കളക്ടര്‍ക്ക് പരാതി നല്‍കി. സംഭവത്തിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തിന്‍ പ്രതിഷേധം ശക്തമാക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലെ 35-ാം വാര്‍ഡിലാണ് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ബിജെപി ഓഫീസായ മാരാര്‍ജി ഭവനില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തത്.

ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത ബിപിഎല്‍ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 1000 രൂപ പ്രഖ്യാപിച്ചിരുന്നു. ഈ പണം വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബിജെപി ഓഫീസിലെത്തിച്ചാണ് പണം വിതരണം ചെയ്യിച്ചത് എന്നാണ് ആരോപണം. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നു.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡിലാണ് എല്ലാ കോവിഡ് പ്രോട്ടോകോളും ലംഘിച്ച് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പണം വിതരണംചെയ്തത്.

തൊട്ടടുത്ത് വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നടത്താന്‍ എല്ലാ സൗകര്യം ഉണ്ടായിട്ടും നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഫോട്ടോകള്‍ മുമ്പില്‍വച്ച് ബിജെപി ഓഫീസില്‍ പണം വിതരണംചെയ്തതില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷനും ഇതേ ഓഫീസില്‍ വിതരണംചെയ്തിരുന്നു. ഇടതുമുന്നണി കലക്ടര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിപിഐ എം കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.