വിസ്മയക്കാഴ്ചകളും കൂടുതല്‍ സൗകര്യങ്ങളുമായി കോഴിക്കോടിന്റെ ഗവി; വയലടയിലെ മനോഹര ദൃശ്യങ്ങള്‍ കാണാം


ബാലുശ്ശേരി: വിനോദസഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചകളൊരുക്കി സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളോടെ കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വയലട മല. സമുദ്ര നിരപ്പില്‍നിന്ന് രണ്ടായിരം അടിയോളം ഉയരത്തിലുള്ള മലയില്‍ സമശീതോഷ്ണ കാലാവസ്ഥയാണ്. ഇവിടുത്തെ പച്ചപ്പും കോടമഞ്ഞും സഞ്ചാരികള്‍ക്ക് എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന കാഴ്ചയാവുമെന്നതില്‍ സംശയമില്ല.

വയലട മലയിലെ ഏറ്റവും ഉയരംകൂടിയ മലയായ കോട്ടക്കുന്നിലുള്ള മുള്ളന്‍ പാറ ഏറെശ്രദ്ധേയമാണ്. ഈ പാറയില്‍നിന്ന് നോക്കിയാല്‍ പെരുവണ്ണാമൂഴി ഡാം സൈറ്റിന്റെ റിസര്‍വോയറിന്റെ മനോഹരകാഴ്ച കാണാം. കൂരാച്ചുണ്ടിന്റെ ആകാശക്കാഴ്ച സഞ്ചാരികള്‍ക്ക് കൗതുകമാവും. വയലടയെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ആസ്വദിക്കാന്‍ അതിരാവിലെയോ വൈകുന്നേരമോ ഇവിടെയെത്തുന്നതാണ് ഉത്തമം.

പാറയോടടുത്താണ് കോട്ടക്കുന്ന് ആദിവാസി കോളനിയുള്ളത്. പത്തോളം ആദിവാസി കുടുംബങ്ങള്‍ അവിടെ പാര്‍ക്കുന്നുണ്ട്. വയലട മലമുകളിലെ കുരിശുപാറയും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. വളവും കയറ്റിറക്കങ്ങളും നിറഞ്ഞതാണ് യാത്രയെങ്കിലും മലമുകളില്‍നിന്ന് ഒലിച്ചിറങ്ങുന്ന അരുവികളുടെ കാഴ്ചകളും പ്രദേശത്തെ പച്ചപ്പും യാത്രയെ ഒട്ടുമുഷിപ്പിക്കാത്ത അനുഭവമാക്കും. വയലടയില്‍നിന്ന് മണിച്ചേരി മലയിലേക്കിറങ്ങിയാല്‍ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് തലയാട് അങ്ങാടിയില്‍ എത്താന്‍ കഴിയും.

പ്രദേശത്തെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നുണ്ട്. വയലടയിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെട്ട പദ്ധതി ഈ മാസംതന്നെ ഉദ്ഘാടനം ചെയ്യുന്നതിനായി തിരക്കിട്ട പണികളാണ് നടക്കുന്നത്. മുള്ളന്‍പാറ വ്യൂ പോയിന്റിലെത്തുന്ന സഞ്ചാരികള്‍ക്കായുള്ള മൂന്ന് ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പണി അവസാന ഘട്ടത്തിലാണ്.

വിശ്രമസ്ഥലം, ഇരിപ്പിടങ്ങള്‍, ശുചിമുറി, ഫുഡ് കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളാണ് വരുന്നത്. ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വയലടയില്‍ മൂന്ന് കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചത്. 2018 ജൂലായില്‍ അന്നത്തെ ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തത്.

സുരക്ഷാവേലി, നടപ്പാത, ശലഭ പാര്‍ക്ക് തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ നടപ്പാക്കും. വയലടയില്‍നിന്ന് വ്യൂ പോയന്റിലേക്കുള്ള റോഡ് നവീകരണം പൂര്‍ത്തിയാവാനുണ്ട്. വനം വകുപ്പിനു കീഴിലുള്ള ചെറിയൊരു ഭാഗത്ത് റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് വാഹനങ്ങളില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍വരെ എത്താന്‍ ബുദ്ധിമുട്ടാവും. ഈ ഭാഗം ടാര്‍ ചെയ്യുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതിനായി അടിയന്തര ഇടപെടല്‍ നടക്കുന്നുണ്ടെന്ന് സച്ചിന്‍ ദേവ് എം.എല്‍. എ.യുടെ ഓഫീസ് അറിയിച്ചു.

ബാലുശ്ശേരി ടൗണില്‍നിന്നു ഏകദേശം 15 കിലോമീറ്ററോളം അകലേയാണ് വയലട മല. കോഴിക്കോട് നിന്നും ബാലുശ്ശേരി വഴിയും താമരശ്ശേരി എസ്‌റ്റേറ്റ്മുക്ക് വഴിയും വയലട വ്യൂപോയിന്റിലേക്ക് എത്തിച്ചേരാവുന്നതാണ്. കുറുമ്പൊയില്‍ അങ്ങാടിയില്‍നിന്ന് റോഡ് വഴി തോരാട് ഭാഗത്തെത്തിയാല്‍ മനോഹരമായ വെള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗിയും നയനാനന്ദകരമാണ്.