സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് മറ്റ് പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.അതേ സമയം മലങ്കര അണക്കെട്ട് ഇന്ന് തുറക്കും. ആറ് ഷട്ടറുകളും തുറന്ന് വിടും. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റ്പുഴ ഭാഗത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

ഇന്നലെ കൊച്ചിയിലും പീരുമേടും 21 സെ.മി. വീതം മഴ ലഭിച്ചു. കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 20 സെ.മി. മഴയാണ്. ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച്‌ അതിതീവ്ര ചുഴലിക്കാറ്റായി മാറും.

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും കാറ്റിന്റെ സഞ്ചാരം. അതേസമയം കേരളതീരത്ത് 55 കി.മി. വേഗതയില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ചൊവ്വാഴ്ച ഉച്ചയോടെ ഗുജറാത്തിലെ പോര്‍ബന്തറില്‍ ടൗട്ടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം.