സബ്‌സിഡി സാധനങ്ങള്‍ അരികിലേക്ക്; മൊബൈല്‍ യൂണിറ്റുമായി സപ്ലെക്കോ, സബ്സിഡി സാധനങ്ങളുടെ വില അറിയാം


തിരുവനന്തപുരം: കുറഞ്ഞനിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ ജില്ലയിലും സപ്ലൈകോയുടെ അഞ്ച് മൊബൈല്‍ വില്‍പ്പനശാല എത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു യൂണിറ്റ് ദിവസം ഒരു താലൂക്കിലെ അഞ്ചിടത്ത് സാധനങ്ങള്‍ വിതരണംചെയ്യും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും വാങ്ങാം.

വിലക്കയറ്റം തടയാന്‍ സബ്സിഡി സാധനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവില്‍ നല്‍കുക. 1,800 സപ്ലൈകോ വില്‍പ്പനശാലയ്ക്ക് പുറമെയാണ് മൊബൈല്‍ മാവേലി സേവനം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് യൂണിറ്റുകളെത്തുക. തീരദേശം, ആദിവാസി, മലയോര മേഖലയ്ക്ക് മുന്‍ഗണനയുണ്ടാകും.

നവംബര്‍ 30ന് തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 14 ജില്ലകളിലും പദ്ധതി നടപ്പിലാക്കും. കേരളത്തിലെ അഞ്ച് റീജിയണിലായുള്ള 52 ഡിപ്പോകളില്‍ സാധനങ്ങള്‍ സംഭരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. മറ്റുള്ള സപ്ലൈകോ വില്‍പനശാലകളില്‍ ക്കൂടിയുള്ള സബ്‌സിഡി സാധനങ്ങളുടെ വിതരണത്തെ ബാധിക്കാത്ത വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ മഴക്കെടുതി ചില സാധനങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാന്‍ നാല് ദിവസത്തിനിടെ 5919 ടണ്‍ നിത്യോപയോഗസാധനങ്ങളും 5.8 ലക്ഷം പായ്ക്കറ്റ് വെളിച്ചെണ്ണയും സപ്ലൈകോ വില്‍പ്പനശാലകളില്‍ എത്തിച്ചു. വന്‍പയറിന്റെ ലഭ്യതയില്‍ ചെറിയ കുറവുണ്ട്. വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാന്‍ പരിശോധന നടത്താന്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു:

അരി

1- പച്ചരി (Rs 23 /-)

2 -മട്ട (Rs 24 /-)

3 -ജയ (Rs 25 /-)

4 -കുറുവ ( Rs 25 /- )

(നാലിനം അരിയിൽ ഉപഭോക്താവിന് ഇഷ്ടപ്പെടുന്ന അരി ലഭ്യതയ്ക്ക് അനുസൃതമായി ആകെ 10 Kg. നൽകിവരുന്നു.)

5 -പഞ്ചസാര – 1 Kg (Rs 22 /- )

6 -ചെറുപയർ – 1 Kg Rs 74/-

7 -ഉഴുന്ന് – 1 Kg Rs 66 /-

8 -സാമ്പാർ പരിപ്പ് 1 KG Rs 65 /-

9 -മുളക് – 1/2 Kg Rs 75 /-

10 -വെളിച്ചെണ്ണ – 1/2 Kg Rs 46 /-

11 -മല്ലി – 1/2 Kg Rs 79 /-

12 -കടല – 1 Kg Rs 43 /-

13 -വൻപയർ – 1 Kg Rs 45

(മല്ലി, മുളക്, വെളിച്ചെണ്ണ എന്നിവ അര കിലോ വീതമാണ് നൽകുന്നത്)