സൗഹൃദങ്ങളുടെ കിസ പറഞ്ഞ് കോഴിക്കോട് കടപ്പുറം വീണ്ടും സജീവമായി; കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് അടച്ച ബീച്ച് തുറന്നു


കോഴിക്കോട്‌: ബലൂണുകളുമായി ഓടിക്കളിക്കുന്ന കുഞ്ഞുങ്ങൾ, വാനോളം ഉയർന്ന്‌ പൊങ്ങുന്ന വർണക്കുമിളകൾ, പൂഴിമണ്ണിലിരുന്ന്‌, കടൽക്കാറ്റേറ്റ്‌ ചിരിച്ചും പറഞ്ഞും പൂക്കുന്ന ബന്ധങ്ങൾ, ചൂട്‌ പാറുന്ന ചായയും കടിയും. മാസങ്ങൾ നീണ്ട തീരത്തിന്റെ ശൂന്യതയിലേക്ക്‌ ഒടുവിൽ പുതിയ വർണ ചിത്രങ്ങൾ തിരയടിച്ചെത്തി. കടലാഴത്തേക്കാൾ ഇരട്ടി ആരവവും ആഘോഷവുമായി കോഴിക്കോട്‌ കടപ്പുറം വീണ്ടും ഉണർന്നു.

കോവിഡ്‌ രണ്ടാം തരംഗത്തെ തുടർന്ന്‌ ഏപ്രിൽ അവസാനമാണ്‌ ബീച്ച്‌ ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്‌. പ്രവേശനം അനുവദിച്ച ആദ്യ ദിവസം സന്ദർശകരുടെ കുത്തൊഴുക്കായിരുന്നു. ഞായാറാഴ്‌ച കൂടി ആയതിനാൽ വൈകിട്ടോടെ കടപ്പുറം നിറഞ്ഞു. രാവിലെ മുതൽ സൗഹൃദ കൂട്ടങ്ങളുടെ ചെറിയ തിരക്ക്‌ ഉണ്ടായി. വൈകിട്ടോടെ കുടുംബങ്ങളും കൂടുതലെത്തി. തിരക്ക്‌ കൂടിയതോടെ ബീച്ചിനോട്‌ ചേർന്ന റോഡുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞു.

മാസങ്ങളായി വീട്ടിൽ അടച്ചിരുന്നതിന്റെ അസ്വസ്ഥതകൾ തീർക്കുന്ന രീതിയിലുള്ള സന്തോഷവും കൂട്ടായ്‌മകളും ബീച്ചിലങ്ങോളം കണ്ടു. സാമൂഹിക അകലമൊന്നും പരിഗണിക്കാതെ ചായ കുടിച്ചും ഐസ്‌ ഒരതി കഴിച്ചും ആളുകൾ ആഘോഷിച്ചു. ചെറിയ കുട്ടികളെല്ലാം നാളുകൾക്ക്‌ ശേഷം ബീച്ചിൽ വന്ന ആവേശത്തിൽ മണലോരത്ത്‌ ഓടിക്കളിച്ചു. തിരക്ക്‌ നിയന്ത്രിക്കാനായി പൊലീസ്‌ സേവനം എല്ലായിടത്തും ഉണ്ടായിരുന്നു. രാത്രി എട്ട്‌ വരെയാണ്‌ ബീച്ചിൽ പ്രവേശനം .