രോഗികള്‍ക്ക് ഇനി ആശ്വസിക്കാം, മരുന്നിനായി രാത്രി പുറത്തെ ഫാര്‍മസിയിലേക്ക് ഓടേണ്ട; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസി, ഇസിജി സേവനങ്ങള്‍ 24 മണിക്കൂറും


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇനി മുതല്‍ ഫാര്‍മസി, ഇസിജി എന്നീ അവശ്യ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് പുതിയ ഫാര്‍മസിസ്റ്റുകളുയും ടെക്‌നീഷ്യന്‍മാരെയും പുതുതായി നിയമിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

ഇതു മൂലം ഉച്ചവരെ ഒപിയിലും തുടര്‍ന്ന് കാഷ്വാലിറ്റിയിലെത്തുന്ന രോഗികള്‍ക്കും മരുന്നും, ഇസിജി സൗകര്യവും ലഭ്യമാകും. നേരത്തെ എച്ച്.എം.സിയുടെ ഭാഗമായുടെ ലാബിന്റെ സേവനം 24 മണിക്കൂറാക്കി വര്‍ധിപ്പിച്ചിരുന്നു. ലാബ് നവീകരണത്തിന് 12 ലക്ഷം രൂപയുടെ പുതിയ ഉപകരണങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്ന അവസ്ഥയില്‍ മാറ്റം വരും.

ഫാര്‍മസി, ഇസിജി സേവനങ്ങള്‍ 24 മണിക്കൂര്‍ ആക്കിയതിന്റെയും പുതിയ ഇസിജി കൗണ്ടറിന്റെയും ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി.ആര്‍.ഒ സിനില നന്ദി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍, എസ്.കെ. അസൈനാര്‍, സഫ മജീദ്, ഇ. ബാലകൃഷ്ണന്‍, പ്രകാശന്‍ കിഴക്കയില്‍, ഡോ. സി.കെ. വിനോദ്, അജീഷ് കല്ലോട് എന്നിവര്‍ സംസാരിച്ചു.