വിവാഹ പാര്‍ട്ടിക്കിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവം: ലോക്ക് ചെയ്ത കിണറില്‍ നിന്ന് വെള്ളം ഉപയോഗിച്ചു, പേരാമ്പ്രയിലെ ഓഡിറ്റോറിയം പൂട്ടിച്ച് ആരോഗ്യവകുപ്പ്


പേരാമ്പ്ര: പേരാമ്പ്രയില്‍ വിവാഹ പാര്‍ട്ടിക്കിടെ ഭക്ഷ്യവിഷബാധയുണ്ടായത് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് ഓഡിറ്റോറിയത്തിലെ കിണര്‍ വെള്ളം ഉപയോഗിച്ചത് മൂലം. മുമ്പ് ആരോഗ്യ വകുപ്പ് ലോക്ക് ചെയ്ത കിണറില്‍ നിന്ന് വെള്ളമെടുത്ത് ഉപയോഗിച്ചതിനാലാണണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സരിത് കുമാര്‍ പേരാമ്പ്ര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സുരഭി ഓഡിറ്റോറിയം നിലവില്‍ ആരോഗ്യവകുപ്പ് പൂട്ടിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് സര്‍ട്ടിഫൈ ചെയ്താല്‍ മാത്രമേ ഇനി ഈ ഓഡിറ്റോറിയം തുറന്നു പ്രവര്‍ത്താന്‍ സാധിക്കുകയുള്ളുവെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സരിത് കുമാര്‍ വ്യക്തമാക്കി.


കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ വിവാഹ പാര്‍ട്ടിക്കിടെ സുരഭി ഓഡിറ്റോറിയത്തില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയായിരുന്നു. പേരാമ്പ്ര സ്വദേശിയുടെ വിവാഹത്തിന് ഭക്ഷണം കഴിച്ച നിരവധിപ്പേരാണ് വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സതേടിയത്.

ഓഡിറ്റോറിയത്തിലെ കിണര്‍ വെള്ളത്തില്‍നിന്നാണ് പ്രശ്നംമുണ്ടായതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിഗമനം. വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കും വരെ വെള്ളം ഉപയോഗിക്കരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.