വ്യാജ സ്വര്‍ണനാണയങ്ങള്‍ വില്‍ക്കാന്‍ വീണ്ടുമെത്തി; വടകര സ്വദേശിയെ കബളിപ്പിച്ച കര്‍ണാടക സ്വദേശികളായ ആറംഗ സംഘം പോലീസിന്റെ പിടിയില്‍


വടകര: വ്യാജ സ്വര്‍ണനാണയങ്ങള്‍ നല്‍കി കബളിപ്പിച്ച കേസില്‍ പ്രതികളായ കര്‍ണാടക സ്വദേശികളെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗലൂര്‍ സ്വദേശി കുമാര്‍ മഞ്ജുനാഥ് (47), മാതാപുരം സ്വദേശികളായ വീരേഷു (40), ചന്ദ്രപ്പ (45), ഷിമോഗ സ്വദേശികളായ മോഹന്‍ (35), നടരാജ് (27), തിമ്മേഷ് (34) എന്നിവരാണ് അറസ്റ്റിലായത്. വടകര കുരിയാടി സ്വദേശി രാജേഷിനാണ് പ്രതികള്‍ വ്യാജനാണയങ്ങള്‍ നല്‍കി കബളിപ്പിച്ചത്.

2022ല്‍ കര്‍ണാടകയില്‍ വെച്ച് പ്രതികള്‍ രാജേഷിന് വ്യാജ സ്വര്‍ണനാണയങ്ങള്‍ നല്‍കി കബളിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വടകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും കേസ് തെളിയിക്കാനായിരുന്നില്ല.

ഏഴു മാസത്തിന് ശേഷം കേസ് അണ്‍ ഡിക്ടക്റ്റഡ് ആയി പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്ന് പ്രതിപട്ടികയില്‍ കുമാര്‍ മഞ്ജു നാഥ്, വീരേഷു, നടരാജ് എന്നിവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം വടകരയിലെത്തിയ ഇവര്‍ രാജേഷിന്റെ മറ്റൊരു സുഹൃത്തിന് വ്യാജനാണയങ്ങള്‍ നല്‍കുമ്പോഴായിരുന്നു പിടിക്കപ്പെടുന്നത്. ഇവര്‍ സഞ്ചരിച്ച ആഢംബര കാറും പോലീസും പിടിച്ചെടുത്തിട്ടുണ്ട്.