രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍; കൗമാരക്കാര്‍ക്കിടയില്‍ വിവാഹങ്ങളും ആത്മഹത്യകളും പെരുകുന്നു, കൗണ്‍സിലിങ്ങടക്കം വനിത കമ്മിഷന്‍ പദ്ധതികള്‍ പേപ്പറിലൊതുങ്ങി


കോഴിക്കോട്: ജില്ലയില്‍ തൊട്ടടുത്ത രണ്ട് ദിവസങ്ങള്‍ക്കിടെ ഭര്‍തൃ വീടുകളില്‍ ജീവനൊടുക്കിയത് 18കാരായ രണ്ട് യുവതികള്‍. അടുത്ത കുറച്ച് കാലയളവില്‍ തന്നെ കൗമാരക്കാര്‍ക്കിടയിലെ വിവാഹവും വിവാഹത്തെത്തുടര്‍ന്നുളള ആത്മഹത്യകളും പെരുകുന്നതായുളള പരാതികള്‍ ഉയരുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍.

വിവാഹ പൂര്‍വ കൗണ്‍സിലിംഗടക്കം സംസ്ഥാന വനിത കമ്മീഷന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കും കാര്യമായ മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

എലത്തൂരില്‍ വെളളിയാഴ്ചയായിരുന്നു 18 കാരിയായ ഭാഗ്യ ജീവനൊടുക്കിയത്. ഭാഗ്യയെ ഭര്‍ത്താവ് അനന്തുവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തുവാകട്ടെ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലും. ഭര്‍ത്യ വീട്ടില്‍ പീഡനം അനുഭവിച്ചാണ് ഭാഗ്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്

ഭാഗ്യയ്ക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞ് മണിക്കൂറുകള്‍ക്ക് അകമാണ് ഏതാനും കിലോമീറ്റര്‍ അകലെ ഉള്ള്യേരിയില്‍ നിന്നും അടുത്ത ദുരന്ത വാര്‍ത്തയെത്തിത്.

ഉള്ളിയേരി കന്നൂരില്‍ ഭര്‍തൃവീട്ടില്‍ 18കാരിയായ അല്‍ക്കയെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് പ്രജീഷിന്റെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയനിലയില്‍ ആയിരുന്നു മൃതദേഹം. ഒന്നരമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഭാഗ്യയുടെ കാര്യത്തിലെന്ന പോലെ അല്‍ക്കയും പ്രജീഷും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം കഴിച്ചത്.

19 വയസ് വയസുവരെ പ്രായ പരിധിയിലുളള പെണ്‍കുട്ടികളുടെ ആത്മഹത്യകളുടെ പ്രധാന കാരണങ്ങളിലൊന്ന് നേരത്തയുളള വിവാഹമെന്നാണ് ദേശീയ തലത്തിലുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും സമാനമായ രീതിയില്‍ വിവാഹത്തെ തുടര്‍ന്നുളള ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഗൗരവകരമായ പഠനങ്ങളും ഇടപെടലുകളും വേണമെന്നാണ് ഉയരുന്ന ആവശ്യം. സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ഇത്തരം മരണങ്ങള്‍ക്ക് ഇടയാക്കുന്നു.

summery: marriage and suicides among teenagers are on the rise, two 18 tear olds have committed suicide in the district in recent days