ലോകകപ്പ് ഗാലറിയില്‍ പോര്‍ച്ചുഗല്‍ ആരാധകര്‍ക്കിടയിലും ബ്രസീല്‍ ആരാധകര്‍ക്കിടയിലും താരമായി മേപ്പയ്യൂരിന്റെ ദുആ; വൈറലായി ഡാന്‍സ് വീഡിയോ


ദോഹ: പോര്‍ച്ചുഗല്‍ ആരാധകരുടെ കൂട്ടത്തിനിടയില്‍ നിന്ന് നൃത്തം ചെയ്യുകയാണ് കൊച്ചു ദുആ. വുവുസേല ഊതിക്കൊണ്ട് ആരാധകര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റു ആരാധകര്‍ കയ്യടിച്ചും നൃത്തം ചെയ്തും കൂടെക്കൂടുന്നുണ്ട്. ആകെ മൊത്തം ആഘോഷമയം. മേപ്പയ്യൂര്‍ സ്വദേശി ദുആ ഇബ്രാഹിമിന്റെ നൃത്തം സോഷ്യല്‍മീഡിയയിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഹിറ്റ് ആയിരിക്കുകയാണ്.

മറ്റൊരു വീഡിയോയില്‍ നിരന്നു നില്‍ക്കുന്ന ഫിഫ സ്റ്റാഫിന്റെ മുന്നിലാണ് ദുആയുടെ പ്രകടനം. ബ്രസീല്‍ ഫാന്‍സിന്റെ ഇടയില്‍ സൂപ്പര്‍ എനര്‍ജിയോടെ നൃത്തം ചെയ്യുന്ന ദുആയെയും കാണാം. മൊത്തത്തില്‍ ലോകകപ്പിന്റെ മൊത്തം ആവേശം ഏറ്റെടുത്ത ഊര്‍ജം ദുആയുടെ വീഡിയോയിലോരോന്നിലും കാണാം.

മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിമിന്റെ കൊച്ചുമകളാണ് ദുആ ഇബ്രാഹിം. ഷെബിന്‍ മേപ്പയ്യൂരിന്റെയും ഹൈഫ മേപ്പയ്യൂരിന്റെയും മകള്‍. ഖത്തര്‍ നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ കെ.ജി ടുവില്‍ പഠിക്കുന്ന ദുആയ്ക്ക് ഡാന്‍സ് ഒരു ലഹരിയാണെന്ന് വാപ്പ ഷെബിന്‍ പറയുന്നു.

‘ഖത്തറില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ഞങ്ങള്‍ പോവാറുണ്ട്. പാട്ട് കേട്ടാല്‍ മോള്‍ക്ക് ഡാന്‍സ് കളിക്കണം. അതുകൊണ്ട് എവിടെ പരിപാടിക്ക് പോയാലും അവള്‍ അവിടൊക്കെ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കും. പഠിച്ചിട്ടൊന്നുമില്ല, യൂട്യൂബിലും ടി.വിയിലുമൊക്കെ ഒരുപാട് ഡാന്‍സ് കാണും. അത് കണ്ട് ചെയ്യുന്നതാണ്’- ഷെബിന്‍ പേരാമ്പ്രന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

റൊണാള്‍ഡോയും നെയ്മറുമാണ് ദുആയുടെ ഇഷ്ട കളിക്കാര്‍. ഇരുവരും ക്വോട്ടറിലെത്തിയ സന്തോഷത്തിലാണ് ദുആ. ഇരുവരുടെയും കളികള്‍ ഇനിയും കാണുമെന്ന് ദുഅ പറയുന്നു.

വീഡിയോ കാണാം: