നട്ടുച്ചയ്ക്കും തണുപ്പാണിവിടെ, കണ്ണൂരിന്റെ ‘കുടക്’ പൈതല്‍ മലകാണാന്‍ പോയാലോ, പേരാമ്പ്രയില്‍ നിന്നും തലശ്ശേരി വഴി യാത്ര എളുപ്പമാണ്


പ്രകൃതിയൊരുക്കിയ മനോഹാരിത തന്നെയാണ് പൈതല്‍മലയുടെ പ്രധാന ആകര്‍ഷണം. ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളും പുതിയ കാഴ്ചാനുഭവം പകരും.

കണ്ണൂര്‍ ജില്ലയിലാണ് മനോഹരമായ ഈ ഇടം. കടല്‍ നിരപ്പില്‍ നിന്ന് 4500 അടി (1,372 മീറ്റര്‍) ഉയരത്തിലായി 4124 ഏക്കര്‍ പ്രദേശത്ത് മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളില്‍ ഉള്ളത്. മലയുടെ അടിവാരത്തില്‍ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളില്‍ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലായി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ കിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവര്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. വൈതല്‍ മലയ്ക്ക് 2 കിലോമീറ്റര്‍ വടക്കാണ് കുടക് വനങ്ങള്‍.

കട്ടികൂടിയ കോടമഞ്ഞിനാല്‍ സമൃദ്ധമാണിവിടം. ദൂരെ നിന്ന് നോക്കുമ്പോള്‍ ആനയുടെ ആകൃതി തോന്നും. ട്രക്കിങ് നടത്താന്‍ പറ്റിയ സ്ഥലമാണ് പൈതല്‍ മല. സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പാത്തന്‍പാറ വഴി പൈതല്‍ മലയിലേക്ക് പോകാം.

ഇവിടെ അപൂര്‍വമായ ധാരാളം പച്ചമരുന്നുകള്‍ കാണപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് റെയില്‍വെ റീപ്പറുണ്ടാക്കുവന്‍ ഉപയോഗിച്ചിരുന്ന വയന എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവര്‍ന്നതാണ് ഇതിന്റെ തടി.

പൈതല്‍ക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ഔഷധച്ചെടിയായ അങ്കര എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. തൊട്ടുകഴിഞ്ഞാല്‍ ചൊറിച്ചില്‍, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പര്‍ക്കം ആനകള്‍ പോലും ഒഴിവാക്കുമത്രേ. ഇവയ്ക്കു പുറമേ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.

500 വര്‍ഷത്തിലേറെ പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. സാഹസികയാത്ര ഇഷ്ടപെടുന്നവര്‍ക്ക് പാത്തന്‍ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്‌കരമാണ്. അട്ടയുടെ ശല്യവുമുണ്ട് ഈ മേഖലയില്‍. അതിനാല്‍ യാത്ര ചെയ്യുമ്പോള്‍ ഉപ്പ് കരുതാന്‍ മറക്കേണ്ട. രാവിലെയും വൈകുന്നേരവുമാണ് ഇവിടെ യാത്ര ചെയ്യാന്‍ പറ്റിയ സമയം.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയാണ് പൈതല്‍ (വൈതല്‍) മല. അടിവാരം വരെ വാഹനങ്ങള്‍ പോകും. തലശ്ശേരി വഴി പോകുകയാണെങ്കില്‍ ഇരിട്ടി ഉളിക്കല്‍ പയ്യാവൂര്‍ ചന്ദനക്കാംപാറ വഞ്ചിയം വഴി പൈതല്‍ മലയിലേക്ക് പോകാം. എളുപ്പം എത്തിച്ചേരുകയും ചെയ്യും. ബസിന് ആണ് പൈതല്‍ പോകാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ ഒരു ബസും ഉച്ചയോട് കൂടി പയ്യന്നൂര്‍ നിന്നും മറ്റൊരു ബസും വൈകിട്ട് തലശേരിയില്‍ നിന്ന് മറ്റൊരു ബസും പൈതല്‍ മലയിലേക്ക് പുറപ്പെടും.