തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തും; പേരാമ്പ്ര ബ്ലോക്കില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വര്‍ക്കിംങ് ഗ്രൂപ്പ് പൊതുയോഗം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി 2023- 24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. അടുത്ത പദ്ധതികാലയളവില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം സംഘടിപ്പിച്ചത്.

തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഉല്‍പദന ക്ഷമത വര്‍ധിപ്പിക്കാനും സേവനങ്ങള്‍ മെച്ചപ്പെടത്താനും ഉതകുന്ന പദ്ധതികളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

കൃഷി, മൃഗ സംരംക്ഷണം, ആരോഗ്യം, പ്രാദേശിക സാമ്പത്തിക വികസനം, പട്ടികജാതി ക്ഷേമം തുടങ്ങി വിവിധ മേഖലകളില്‍ നടപ്പിലാക്കേണ്ട നയസമീപനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍തകര്‍, പ്രൊമോട്ടര്‍മാര്‍, കര്‍ഷക ഗ്രൂപ്പു പ്രതിനിധികള്‍, ഇന്റേണല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്ലോക്ക് പ്രസിഡന്റ എന്‍.പി ബാബു യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ചു. ബിഡിഒ പി. കാദര്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ. രജിത, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.