ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്; ഓഫീസ് അടിച്ച് തകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു


കല്‍പ്പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. കല്‍പ്പറ്റയിലെ എം.പി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. എം.പി ഓഫീസ് അടിച്ച് തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസിൽ വാഴ നട്ടു.

ഓഫീസിലേക്ക് തള്ളിക്കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ച ഓഫീസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.

അക്രമം നടക്കുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു. ആസൂത്രിതമായ അക്രമമാണ് നടന്നത്. എസ്.എഫ്.ഐ മാര്‍ച്ചില്‍ അക്രമം ഉണ്ടാകുമെന്നും ആവശ്യമായ സുരക്ഷയൊരുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യമായ മുന്‍കരുതല്‍ പൊലീസ് സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

എസ്.എഫ്.ഐയുടെ അക്രമത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പ്രതികരിച്ചു.