മഴക്കാലത്ത് യാത്ര കാറിലാണോ? സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…


കോഴിക്കോട്: കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇതെ തുടർന്ന് പല ജില്ലകളിലും അലേർട്ടുകളും പ്രഖ്യാപിച്ചു. കോഴിക്കോട് ഇന്നലെ മുതൽ മഞ്ഞ അലേർട്ടാണ്. മഴയെ തുടർന്ന് പലയിടങ്ങളിലെയും റോഡുകളും വെള്ളത്തിനടിയിലാണ്. മഴക്കാലത്തെ യാത്ര സുഖകരമാക്കുന്നതിനായി കുടുതൽ പേരും സ്വന്തം വാഹനങ്ങളാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ ശ്രദ്ധച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള യാത്രകൾ അപകടം ക്ഷണിച്ചു വരുത്തും. കാർ യാത്രികർക്കാണ് കൂടുതൽ കരുതൽ വേണ്ടത്.

മഴക്കാലത്ത് കാറുകളിൽ യാത്ര ചെയ്യുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

1. പരമാവധി യാത്ര ഒഴിവാക്കുക
ആദ്യം തന്നെ ഓർമ്മയിൽ വയ്‍ക്കുക. 12 ഇഞ്ച് ഉയരത്തിൽ ശക്തമായി ഒഴുകുന്ന വെള്ളത്തിനു പോലും ഒരു ചെറിയ കാറിനെ അനായാസം ഒഴുക്കിക്കൊണ്ടു പോകാൻ സാധിക്കും. വലിയ കാർ ആണെങ്കിൽ 18-24 ഇഞ്ച് വെള്ളത്തിലും ഒഴുകിപ്പോകാം. അതിനാൽ നിലവിലെ സാഹചര്യത്തിൽ ശക്തമായ മഴയത്ത് കഴിയുന്നതും യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. അനിവാര്യമായ യാത്ര ആണെങ്കിൽ മാത്രം പോകുക. അതും പോകാനുള്ള പ്രദേശത്ത് അപകടമില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം.

2. വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുക
റോഡിൽ കാറിൻറെ എക്‌സ്‌ഹോസ്റ്റ് ലെവലിൽ വെള്ളമുണ്ടെങ്കിൽ കാറിന് കേടുപാടു വരുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ ഉയർന്ന വെള്ളമുള്ള റോഡിലേക്ക് കാർ ഇറക്കരുത്. എക്‌സ്‌ഹോസ്റ്റിൽ വെള്ളം കയറിയാൽ എഞ്ചിൻ തനിയെ ഓഫാകും.

3. വെള്ളക്കെട്ടിൽ ഓഫായാൽ
വെള്ളക്കെട്ടിൽ വച്ച് കാർ ഓഫായാൽ പിന്നീട് ഒരുകാരണവശാലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഇത് എൻജിനുള്ളിൽ വെള്ളം കയറാൻ ഇടയാക്കും. ഇങ്ങനെ എൻജിനിൽ വെള്ളം കയറുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇൻഷുറൻസ് നിയമം. അതിനാൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല.

4. താഴ്‍ന്ന ഗിയറിൽ ഓടിക്കുക
വെള്ളക്കെട്ടിലൂടെ പരമാവധി വേഗത കുറച്ച് താഴ്‍ന്ന ഗിയറിൽ മാത്രം വാഹനം ഓടിക്കുക. ഫസ്റ്റ് ഗിയറിൽ വാഹനം ഓടിക്കുമ്പോൾ എക്‌സോസ്റ്റിലൂടെ വെള്ളം കയറാനുള്ള സാധ്യത കുറയും

5. ബ്രേക്കിംഗ്
നനഞ്ഞ റോഡിൽ ടയറിന് ഘർഷണം വളരെ കുറവായതിനാൽ പതുക്കെ മാത്രം ബ്രേക്ക് ചെയ്യുക. ഇല്ലെങ്കിൽ കാർ തെന്നിമാറി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്

6. മധ്യഭാഗത്തു കൂടി ഓടിക്കുക
വെള്ളക്കെട്ടിൽ ഓടിക്കുക അനിവാര്യമാണെങ്കിൽ, പരമാവധി റോഡിൻറെ മധ്യഭാഗത്തുകൂടി മാത്രം വാഹനം ഓടിക്കുക. ഒരിക്കലും സൈഡ് അടുപ്പിച്ച് എടുക്കരുത്, കാരണം ഇടിഞ്ഞ റോഡാണെങ്കിൽ അപകടത്തിൽപ്പെടും.

7. മുന്നറിയിപ്പുകൾ
എതിർദിശയിൽ വരുന്ന വാഹനത്തിൻറെ ഡ്രൈവർ മുന്നിൽ അപകടമുണ്ടെന്ന് മുന്നറിയിപ്പു തന്നാൽ വീണ്ടും അതേ റൂട്ടിൽ യാത്ര ചെയ്യാൻ ശ്രമിക്കരുത്. സുരക്ഷിതമായ മറ്റു റൂട്ടുകൾ കണ്ടെത്തുക. അല്ലെങ്കിൽ യാത്ര ഒഴിവാക്കി മടങ്ങുക.

8.അകലം
മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക. അപകടരമായ വിധം ഓവർ ടേക്ക് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും.

9. മുൻകരുതലുകൾ
വാഹനം ഓഫായി എവിടെയെങ്കിലും കുടുങ്ങിയാൽ സഹായം ലഭിക്കാൻ 24X7 സർവീസ് സെന്റർ അസിസ്റ്റൻസ് നമ്പറോ, പരിചയമുള്ള മെക്കാനിക്കിന്റെ നമ്പറോ ഫോണിൽ കരുതണം.

10. ഉയർന്ന സ്ഥാനത്തേക്ക് മാറുക
പെട്ടെന്ന് വെള്ളം ഡോർ ലെവലിലേക്ക് കയറിയാൽ എത്രയും വേഗം വാഹനത്തിൽ നിന്ന് പുറത്തിറങ്ങണം. വെള്ളം ഉയരുമ്പോൾ ഒരു കാരണവശാലും കാറിനുള്ളിൽ തന്നെ ഇരിക്കരുത്. വാഹനം ഒഴുകിപ്പോകാനും ഷോർട്ട് സർക്യൂട്ട് സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വാഹനത്തിൽ നിന്നും ഉടൻ പുറത്തിറങ്ങി അൽപം ഉയർന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറുക.

Summary: tips for Traveling by car during rainy season