‘ലളിതമായ ജീവിതശൈലി, സംഘടനാകാര്യങ്ങളിൽ കണിശക്കാരൻ, താൻ സംഘടനാ പ്രവർത്തനത്തിലേക്ക് എത്താൻ കാരണം മാഷിന്റെ ഇടപെടൽ’; വി.വി.ദക്ഷിണാമൂര്‍ത്തിയെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ


പേരാമ്പ്ര: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ വി.വി.ദക്ഷിണാമൂര്‍ത്തിയെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ദക്ഷിണാമൂര്‍ത്തി ചെലുത്തിയ സ്വാധീനത്തെപറ്റി അദ്ദേഹം പറയുന്നത്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രചോദനവും ഊർജവുമായിരുന്നു മൂർത്തിമാഷെന്നും തൊഴിലാളി സംഘടനാ പ്രവർത്തനത്തിലേക്ക് താൻ കടന്നുവന്നത് അദ്ദേഹത്തിന്റെ ഇടപെടലിനാലാണെന്നും ടി.പി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്റെ രാഷ്ട്രീയ ജീവിതത്തിൽ മൂർത്തി മാഷ് എന്നും പ്രചോദനവും ഊർജവുമായിരുന്നു. ലളിതമായ ജീവിതശൈലിയും രാഷ്ട്രീയ സംഘടനാകാര്യങ്ങളിലെ കണിശതയുമായിരുന്നു സഖാവിന്റെ സവിശേഷത. പാർടി നിലപാടുകളിൽ നിന്ന് അതാത് കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ കൃത്യതയോടെ വിശകലനം ചെയ്യുകയും പാർടി സഖാക്കളെ പഠിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മാഷ് എപ്പോഴും ബദ്ധശ്രദ്ധനായിരുന്നു. വീഴ്ചകളെയും പാളിച്ചകളെയും മുഖം നോക്കാതെ ചൂണ്ടിക്കാട്ടാനും തിരുത്തിക്കാനും മാഷ് സദാശ്രമിച്ചിരുന്നു.

തൊഴിലാളി സംഘടനാ പ്രവർത്തനത്തിലും സി.ഐ.ടി.യു നേതൃത്വത്തിലും ഞാനടക്കം ഏറെപ്പേർ കടന്നുവന്നത് മാഷിന്റെ ഇടപെടലിനാലാണെന്ന് പറയാം. തോട്ടം തൊഴിലാളികൾ, ചെത്തു തൊഴിലാളികൾ, ക്ഷേത്രജീവനക്കാർ തുടങ്ങി വ്യത്യസ്തമായ മേഖലകളിലുള്ള തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും സംഘടിപ്പിക്കുന്നതിലും നേതൃത്വം നൽകി. പേരാമ്പ്ര ഏരിയാ എസ്റ്റേറ്റ് ലേബർ വർക്കേഴ്സ് യൂണിയനും കൊയിലാണ്ടി താലൂക്ക് ചെത്തു തൊഴിലാളി യൂണിയനും മറക്കാനാവാത്ത നേതാവാണ് അദ്ദേഹം.

തൊഴിലാളിവർഗത്തിന്റെ സ്വതന്ത്ര രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്ക് കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിന് രാഷ്ട്രീയവും സംഘടനാപരവുമായി സഖാക്കളെയാകെ സജ്ജമാക്കാനുള്ള സ്റ്റഡി ക്ലാസുകൾ നടത്തുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവീണ്യം വലുതായിരുന്നു. ഞങ്ങളുടെയെല്ലാം അധ്യാപകനും നേതാവും വഴികാട്ടിയുമായ മാഷുടെ ഓർമ്മകൾ എന്നും നിലനിൽക്കും. ദീപ്തമായ ആ സ്മരണകൾക്ക് മരണമില്ല.

Summary: TP Ramakrishnan MLA in memory of V V Dakshinamurthy