കോഴിക്കോടിന്റെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കാം കായണ്ണയിലെ മുത്താച്ചിപ്പാറയില്‍ നിന്ന്


വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി മുത്താച്ചിപ്പാറ. കോഴിക്കോട് ജില്ലയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് മുത്താച്ചിപ്പാറ വ്യൂ പോയിന്റ്. കായണ്ണ പഞ്ചായത്തിലെ ആറാം വാര്‍ഡിലും തൊട്ടടുത്ത കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുമായി 35 ഏക്കറിലാണ് മുത്താച്ചിപ്പാറ സ്ഥിതി ചെയ്യുന്നത്.

ഈയൊരു കുന്നിന്റെ സൗന്ദര്യവും അപകടവുമെല്ലാം കുത്തനെയുള്ള പാറയാണ്. മഴക്കാലത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ വഴുതി വീഴാന്‍ സാധ്യത ഏറെയുമാണ്. പാറകയറി മുകളിലെത്തിയാല്‍ പ്രകൃതിയുടെ സുന്ദരഭാവങ്ങള്‍ ആസ്വദിക്കാം. സമുദ്രനിരപ്പില്‍നിന്ന് 300 അടിയോളം ഉയരത്തിലാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. തൊട്ടു മുന്നിലായി എരപ്പാംതോട്ടിലെ പൗരാണികമായ രണ്ട് അങ്കക്കല്ലുകളുടെ ദൃശ്യവും മനോഹരമാണ്.

പാറകളിലൂടെ ഏറെ ദൂരം മുന്നോട്ടുനടന്നാല്‍ ഏറ്റവും മുകളില്‍ വിശാലമായ പാറയാണ് മുത്താച്ചിപ്പാറ സഞ്ചാരികള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. പയ്യോളി, കൊയിലാണ്ടി കടലോരങ്ങളും തിക്കോടി ലൈറ്റ് ഹൗസുംവരെ ഇവിടെ നിന്നും കാണാം. അറബിക്കടലിന്റെ വിദൂര ദൃശ്യവും ആസ്വദിക്കാം. ഏതുനേരവും നേര്‍ത്ത കടല്‍കാറ്റുവീശുന്ന ഇവിടെ സഞ്ചാരികളുടെ മനംമയക്കുന്ന കോടയുമുണ്ടാകും. പാറകളുടെ അറ്റത്ത് കൈവരികളൊന്നുമില്ലാത്തതിനാല്‍ അപകടസാധ്യതയും ഏറെയുണ്ട്.

വനംവകുപ്പിന്റെ കൈവശമുള്ള ഇവിടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാനുള്ള നടപടികള്‍ക്ക് കായണ്ണ പഞ്ചായത്ത് ഒരുങ്ങുന്നത് സഞ്ചാരികള്‍ക്ക് പ്രതീക്ഷയാണ്. വന്‍ തുകയൊന്നും ചെലവഴിക്കാതെ വികസനം സാധ്യമാക്കാനാകുമെന്നാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. പാറയ്ക്ക് ചുറ്റും സുരക്ഷാവേലിയും ഇരിപ്പിടങ്ങളും ടോയ്ലറ്റുകളും നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.

വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് താമസക്കാരുമായി ബന്ധപ്പെടുകയുണ്ടായി. റോഡ് വീതി കൂട്ടാന്‍ സ്വകാര്യ വ്യക്തികള്‍ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് നാടന്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്. ബാലുശേരി എംഎല്‍എ കെ എം സച്ചിന്‍ ദേവ് മുഖേന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സഹകരണം ഉറപ്പാക്കാനുള്ള നീക്കമാണ് തുടരുന്നത്. മന്ത്രിതല ഇടപെടലിലൂടെ വനംവകുപ്പിന്റെ അനുമതിയും ഉറപ്പാക്കും.

കായണ്ണ ബസാറില്‍നിന്ന് അഞ്ചര കിലോമീറ്റര്‍ മാത്രം അകലെയാണ് മുത്താച്ചിപ്പാറ. കരികണ്ടന്‍പാറയില്‍നിന്ന് ഊളേള്യരി വഴി പാറയുടെ മടിത്തട്ടിനടുത്തുവരെ റോഡുണ്ട്. ഇവിടെ നിന്ന് അരക്കിലോമീറ്ററോളം ദൂരം മല കയറിയാല്‍ മുത്താച്ചിപ്പാറയിലെത്താം. തൊട്ടുതാഴെയായി എരപ്പാംതോട് വഴി ബാലുശേരിക്കും ഗതാഗതസൗകര്യമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളായ നമ്പികുളം, തോണിക്കടവ്, കരിയാത്തുംപാറ, കക്കയം എന്നിവിടങ്ങള്‍ക്ക് അടുത്താണ് മുത്താച്ചിപ്പാറ.