പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു


തിരുവനന്തപുരം: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ച ലീലാ നമ്പൂതിരിപ്പാട് ബാലസാഹിത്യത്തിലൂടെയാണ് കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിയത്. മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന കൃതികള്‍. സംസ്‌കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും.


സുമംഗലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മിഠായിപ്പൊതി പോലുള്ള കൃതികളുമായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവര്‍ അനായാസേന കടന്നുചെന്നു. വിപുലമായ വായനയുടെ സംസ്‌കാരം അവരുടെ കൃതികളിലാകെ പ്രതിഫലിച്ചിരുന്നുവെന്ന് സുമംഗലയെ മുഖ്യമന്ത്രി അനുസ്മരിച്ചു.