‘ഫോര്‍ രജിസ്ട്രേഷന്‍’ സംവിധാനം ഒഴിവാക്കി; പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് തന്നെ നമ്പര്‍ പ്ലേറ്റ്


തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കുലര്‍. ഇനി ഷോറൂമില്‍ നിന്നു തന്നെ പുതിയ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് ലഭിക്കും. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റാകും ഘടിപ്പിക്കുക. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനങ്ങള്‍ വിട്ടുകൊടുത്താല്‍ ഡീലര്‍ക്ക് പിഴ ചുമത്തും. ഇതോടെ നിരത്തില്‍ സര്‍വസാധാരണയായ ‘ഫോര്‍ രജിസ്ട്രേഷന്‍’ സ്റ്റിക്കറൊട്ടിച്ച വാഹനങ്ങള്‍ അപ്രത്യക്ഷമാകും.

സ്ഥിരം രജിസ്ട്രേഷനുവേണ്ടിയുള്ള അപേക്ഷകള്‍ സൂക്ഷ്മ പരിശോധനക്കു ശേഷമേ ഡീലര്‍മാര്‍ പരിവാഹന്‍ വഴി അപ്രൂവ് ചെയ്യാന്‍ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകള്‍ രജിസ്ട്രേഷനു വേണ്ടി മനഃപൂര്‍വം അപേക്ഷിച്ചാല്‍ ആ വാഹനത്തിന്റെ 10 വര്‍ഷത്തെ നികുതിക്ക് തുല്യമായ തുക പിഴയായി ഡീലറില്‍നിന്ന് ഈടാക്കും. ഡീലര്‍ അപ്ലോഡ് ചെയ്യുന്ന വാഹനവിവരങ്ങള്‍ ഉടന്‍ ബന്ധപ്പെട്ട അസി. മോേട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിക്കും.

ഓരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി അതത് ദിവസം തന്നെ നമ്പര്‍ അനുവദിക്കണം. പരിശോധനയില്‍ എന്തെങ്കിലും കുറവുകള്‍ കണ്ടെത്തിയാല്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകള്‍ മാറ്റിവെക്കാവൂവെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഫാന്‍സി നമ്പറിന് അേപക്ഷയോടൊപ്പം താല്‍പര്യപത്രം നല്‍കണം. ഈ വിവരം ഡീലര്‍ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തും. ഈ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ അനുവദിക്കും. ഫാന്‍സി നമ്പര്‍ ലഭിക്കുകയും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനങ്ങള്‍ ഉടമക്ക് നല്‍കൂ.