യുദ്ധം


അഭിജിത്ത് ജി പി

മണിമാളികപ്പുറത്ത് കയറി
യുദ്ധകാഹളം മുഴക്കി പ്രജാപതി
പാത്രം കൊട്ടി കുരവയിട്ട്
അനുചരർ നാടാകെ വാഴ്ത്തി
ചാരപ്പണി ഭയന്ന് വീടുകൾ തോറും
ചങ്ങലപ്പൂട്ടുകൾ വീണു
പ്രാണവായു പോലും റേഷനാക്കി
വിശപ്പടക്കി മുണ്ടു മുറുക്കി
രാജ്യസ്നേഹം പാടി നാട് യുദ്ധ സജ്ജരായി
ശവക്കൂനകൾ മണിമാളികക്കൊപ്പം
ഉയർന്നു പൊങ്ങി
പരിഹാരമായി മണിമാളിക
കെട്ടിയുയർത്താൻ കല്പനയായി
പണത്തിനായി പടക്കോപ്പുകൾ
വില്പനക്ക് വെച്ചു
പടച്ചട്ടയണിയാൻ കൂട്ടമായെത്തിയ പ്രജകളെ
തെരക്കിനനുസരിച്ച് വില കൂട്ടി
തെരക്കൊഴിവാക്കി
യുദ്ധമങ്ങനെ നീണ്ടുപോയി
മണിമാളികയും ഉയർന്നു കൊണ്ടിരുന്നു
ഒടുവിലാ മിനാരവും ചാമ്പലാക്കുന്ന
തീനാളമായി ചിതയെരിയുന്നിടം വരെ