റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന അമ്മക്കരടിയെ വലച്ച് കരടി കുഞ്ഞുങ്ങള്‍; കാണാം കരടി കുഞ്ഞുങ്ങളുടെ കുസൃതി കളികള്‍


കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലയിലൂടെ ഒരു അമ്മക്കരടി തന്റെ നാല് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. സമീപത്ത് തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലിരുന്ന് ആരോ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.

അമ്മക്കരടി ക്ഷമാപൂര്‍വ്വം കുഞ്ഞുങ്ങളെ ഓരോരുത്തരെ ആയി റോഡിനപ്പുറത്തേക്ക് ആക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ വികൃതികളായ കുഞ്ഞുങ്ങളാകട്ടെ, അമ്മയെ ഇട്ട് കറക്കുകയാണ്. ഒരാളെ അപ്പുറത്തെത്തിച്ച്, അടുത്തയാളിലേക്ക് എത്തുമ്പോഴേക്ക് നേരത്തേ എത്തിച്ചയാള്‍ അമ്മയ്ക്ക് പിന്നാലെ വീണ്ടും ഓടിപ്പോരും. അങ്ങനെ പലവട്ടം പരിശ്രമിച്ചാണ് അമ്മക്കരടി കുഞ്ഞുങ്ങളെ റോഡിനപ്പുറത്തേക്ക് എത്തിക്കുന്നത്.

അമ്മക്കരടിയുടെ ഈ ക്ഷമയും മക്കളോടുള്ള കരുതലുമെല്ലാമാണ് ഏവരെയും ആകര്‍ഷിച്ചത്. മാതൃത്വമെന്നാല്‍ തീര്‍ച്ചയായും ഇങ്ങനെ തന്നെയാണ് അത് പ്രവര്‍ത്തിക്കുകയെന്നാണ് വീഡിയോയ്ക്ക് താഴെ മിക്ക സ്ത്രീകളും കമന്റ് ചെയ്തിരിക്കുന്നത്. മനുഷ്യരിലായാലും മൃഗങ്ങളിലായാലും ആ വികാരത്തിനുള്ള മൂല്യം ഇതുതന്നെയാണെന്നും മിക്കവരും കുറിക്കുന്നു.

രസകരമായ വീഡിയോ കാണാം…