ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍; ലക്ഷ്യമിടുന്നത് വര്‍ഷം ഒരുലക്ഷം വീട്


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭവനപദ്ധതിയായ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍. ഇതിനായുള്ള ഗുണഭോക്തൃ പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

9,20,261 അപേക്ഷയാണ് രണ്ടാംഘട്ട ലൈഫില്‍ ലഭിച്ചത്. ഒന്നാംഘട്ടത്തിലേതിന് സമാനമായി ഗ്രാമ വാര്‍ഡ് സഭകളാണ് ഗുണഭോക്തൃ പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കേണ്ടത്. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള മാര്‍ഗരേഖയുടെ കരട് തയ്യാറാക്കാന്‍ ‘കില’യുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സമിതി രൂപീകരണം.

വര്‍ഷം ഒരുലക്ഷം വീട് എന്ന നിലയില്‍ അഞ്ചുവര്‍ഷംകൊണ്ട് അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ പക്കലാണ് അപേക്ഷകള്‍ ഇപ്പോഴുള്ളത്. സൂക്ഷ്മപരിശോധന നടത്തി തയ്യാറാക്കിയ പട്ടികയാണ് ഗ്രാമ വാര്‍ഡ് സഭകളുടെ അനുമതിക്ക് സമര്‍പ്പിക്കേണ്ടത്. ഇതിനുള്ള മാനദണ്ഡമാണ് സമിതി തയ്യാറാക്കുന്നത്.

ബുധനാഴ്ചവരെയുള്ള കണക്ക് അനുസരിച്ച് 274120 വീടുകളാണ് ലൈഫ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. ഇതില്‍ 22,605 വീട് എസ്.സി, 2,899 എസ്.ടി, 4718 ഫിഷറീസ്, 2,369 വീടുകള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുവേണ്ടിയും നിര്‍മ്മിച്ചു.

ലൈഫ് ഒന്നാംഘട്ട പദ്ധതിയില്‍ സര്‍ക്കാറിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കി 10,000 വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബര്‍ 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.