സ്വപ്നങ്ങൾ കീഴടക്കിയ മകൻ ബാപ്പയെ കാണാനെത്തി


കമാൽ വരദൂർ

സിറാജിന്റെ മനസ് നിറയെ ബാപ്പയായിരുന്നു. ആറ് മാസം പിന്നിട്ടിരിക്കുന്നു മുഹമ്മദ് സിറാജ് എന്ന ഇന്ത്യന്‍ സീമര്‍ നഗരവും വീടും വിട്ടിട്ട്. ഇന്നലെ അതിരാവിലെ ഓസ്‌ട്രേലിയയില്‍ നിന്നും മുംബൈയിലെത്തി. അവിടെ നിന്ന് ഹൈദരാബാദിലും. വിമാനത്താവളത്തില്‍ നിന്നും സിറാജ് നേരെ പോയത് പിതാവിന്റെ ഖബറിടത്തിലേക്ക്. അവിടെ പത്ത് മിനുട്ടോളം ബാപ്പയുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചു. സിറാജിന്റെ കരുത്തായിരുന്നു പിതാവ് മുഹമ്മദ് ഗൗസ്.

നഗരത്തിലെ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്ന ബാപ്പ മൂന്ന് മാസം മുമ്പാണ് മരിച്ചത്. മരണ വാര്‍ത്ത സിറാജ് അറിയുന്നത് സിഡ്‌നിയില്‍ വെച്ച്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനായി രണ്ടര മാസത്തോളം അദ്ദേഹം യു.എ.ഇ യിലായിരുന്നു. അവിടെ നിന്നാണ് നേരെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്. അവിടെ രണ്ടര മാസത്തോളം. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സിഡ്‌നിയില്‍ നിന്ന് പെട്ടെന്ന് മടങ്ങുക സാധ്യമായിരുന്നില്ല.

ബാപ്പക്കായി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ ഉമ്മ സിറാജിന് കരുത്തേകി. ടീം മനേജ്‌മെന്റും അദ്ദേഹത്തെ ആശ്വസിപ്പിച്ചു. മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ സിറാജ് അരങ്ങേറി. സിഡ്‌നിയിലും ബ്രിസ്‌ബെനിലും ഗംഭീര പ്രകടനം. ഗാബയില്‍ ഇന്ത്യന്‍ ചരിത്രവിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സിറാജ് ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചു.

മൊത്തം 13 വിക്കറ്റുകളാണ് മൂന്ന് ടെസ്റ്റില്‍ നിന്നായി അദ്ദേഹം നേടിയത്. എല്ലാ വിക്കറ്റുകളും അദ്ദേഹം സമര്‍പ്പിച്ചത് ബാപ്പക്ക്. അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോള്‍ മായങ്ക് അഗര്‍വാളിനൊപ്പം ആകാശത്തേക്ക് കൈകളുയര്‍ത്തി നടത്തിയ പ്രാര്‍ത്ഥന വലിയ ചര്‍ച്ചയായി. ഖബറിടത്തിലെത്തി ബാപ്പക്കായി പ്രാര്‍ത്ഥിച്ചപ്പോഴാണ് മനസ് ശാന്തമായതെന്ന് സിറാജ് പറഞ്ഞു.

എന്റെ ശക്തിയായിരുന്നു ബാപ്പ. അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു എന്റെ ടെസ്റ്റ് കരിയര്‍. അത് കാണാന്‍ അദ്ദേഹത്തിനായില്ല. വീട്ടിലെത്തിയപ്പോള്‍ ഉമ്മ പൊട്ടികരയുകയായിരുന്നു. എന്നെ ഉമ്മ കണ്ടിട്ട് മാസങ്ങളായി. ഉമ്മയെ ഞാന്‍ ആശ്വസിപ്പിച്ചു. ഉമ്മയുടെ സ്നേഹവും വീട്ടുകാര്‍ നല്‍കിയ പിന്തുണയുമായിരുന്നു എന്റെ കരുത്ത്. ബാപ്പക്കായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി-സിറാജ് പറഞ്ഞു.