ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചേക്കും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആലോചന. നാളത്തെ അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് സൂചന.അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങ്ങും തിരിച്ചു വരികയാണ്. കൊവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. ഓഫീസുകളില്‍ കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരും.

സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞുവരുന്നു എന്നതാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡിനൊപ്പം ജീവിക്കുക എന്ന നേരത്തെയുള്ള നിലപാടിനനുസരിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നിലവില്‍ ഹോട്ടലുകള്‍ക്ക് പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിരുന്നു. അകത്ത് ഇരുന്ന് കഴിക്കാനും അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.