മാണിയുടെ അരവു പാട്ടില്ലാത്ത വിവാഹ വീടില്ല; പുലിവേട്ടക്ക് പോയ രയരപ്പൻ നമ്പ്യാരുടെയും കടത്തനാട് തമ്പുരാൻ എടുത്തു വളർത്തിയ പനയംകുളങ്ങര ചേരൻ്റേയും വീരകഥാഗാനങ്ങൾ പാടിയ കടമേരിയിലെ വലിയ കുന്നോത്ത് മാണിക്ക് ഫോക് ലോർ പുരസ്കാരം


വടകര: നാട്ടിപ്പാട്ട് കലാകാരിയായ കടമേരിയിലെ വലിയ കുന്നോത്ത് മാണിക്ക് ഫോക് ലോർ പുരസ്കാരം. വടക്കൻപാട്ടുകളിലൂടെയാണ് മാണി ശ്രദ്ധേയയായത്. അമ്പതു വർഷക്കാലത്തിലെറെയായി നാട്ടിപ്പാട്ട് കലാരംഗത്ത് പ്രവർത്തിച്ചു വരികയാണ് മാണി എന്ന കലാകാരി.

വയലുകളിൽ പണിയെടുക്കുന്നതിനിടയിൽ കേട്ടു പതിഞ്ഞ നാട്ടിപ്പാട്ടുകൾ പഠിക്കുക എന്നത് മാണിയുടെ ശീലങ്ങളിലൊന്നായിരുന്നു.
ഈ ശീലമാണ് പിന്നീട് ഇവർ നാട്ടിപ്പാട്ടു കലാകാരിയായിത്തീരാൻ കാരണമായത്.

തച്ചോളിപ്പാട്ടുകൾ, പുത്തൂരം പാട്ടുകൾ, ഒറ്റപ്പാട്ടുകൾ, അരവു പാട്ടുകൾ എന്നിവയിലും മാണിക് പ്രാവീണ്യമുണ്ട്. വിവാഹ വീട്ടുകളിലെ അരവു പാട്ടുകളിൽ മാണിയുടെ നാടൻ പാട്ടുകൾ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. തലശേരി കോട്ടയിൽ പുലിവേട്ടക്ക് പോയ രയരപ്പൻ നമ്പ്യാരുടെയും കടത്തനാട് തമ്പുരാൻ എടുത്തു വളർത്തിയ പനയംകുളങ്ങര ചേരൻ്റേയും വീരകഥാഗാനങ്ങൾ മാണിയുടെ വേറിട്ട കഥാഗാനങ്ങളാണ്.

വിദ്യാർഥികൾക്ക് നാടൻപാട്ട് ആസ്വാദകർക്കും നാടൻപാട്ടുകളെ കുറിച്ച് അറിവ് പകർന്നു നൽകി നാട്ടിപ്പാട്ട് കലാരംഗത്ത് നിറസാന്നിധ്യമാവുകയാണ് ഈ നാടൻ കലാകാരി.