മരണത്തെ മുന്നില്‍ കാണുമ്പോഴും നിഹാല്‍ ആവശ്യപ്പെട്ടത് തന്റെ അടുത്തേക്ക് ആരും വരരുതെന്ന്; മണിയൂരില്‍ ഷോക്കേറ്റ് മരിച്ച നിഹാലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്


വടകര: തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനില്‍ കുടുങ്ങി മരിച്ച വിദ്യാര്‍ത്ഥി മുഹമ്മദ് നിഹാലിന്റെ മരണത്തിന്റെ ഞെട്ടലിലാണ് മണിയൂരിലെ നാട്ടുകാര്‍. വൈദ്യുതി കമ്പിയില്‍ കുടുങ്ങി കിടക്കുമ്പോള്‍ തന്റെ അടുത്തേക്ക് ആരും വരരുതെന്ന് നിഹാല്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചിരുന്നുവെന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പറയുന്നുണ്ട്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കളി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരികയായിരുന്ന നിഹാലിനെ വൈദ്യുതി ലൈനില്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ് പരിസര വാസികള്‍ കാണുന്നത്. വൈദ്യുതി ബന്ധം നിലയ്ക്കാതിരുന്നത് കൊണ്ട് നിഹാലിനെ രക്ഷപ്പെടുത്താന്‍ ഓടിക്കൂടിയവര്‍ക്ക് സാധിച്ചിരുന്നില്ല. കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

പിന്നീട് കൂടുതല്‍ പേര്‍ എത്തിയതിന് ശേഷമാണ് ലൈനില്‍ തൊടാതെ നിഹാലിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തെങ്ങ് വീണതിനെത്തുടര്‍ന്ന് വൈദ്യുതത്തൂണിന്റെ മുകള്‍ഭാഗം പൊട്ടിയാണ് ലൈന്‍ വഴിയിലേക്ക് വീണത്. ഈൗ തൂണ്‍ അപകടാവസ്ഥയിലാണെന്നുകാണിച്ച് വീട്ടുകാര്‍ കെ.എസ്.ഇ.ബിയില്‍ നേരത്തേ പരാതി നല്‍കിയതായും എന്നാല്‍ നടപടി സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച്ച ഉച്ചയോടെ നിഹാലിന്റെ മൃതദേഹം സംസ്‌കരിക്കും. തുറയൂര്‍ ബിടിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് നിഹാല്‍. പിതാവ്: ഹമീദ്, മാതാവ്: ഹസീന, സഹോദരന്‍: മുഹമ്മദ് ഷമല്‍.