നിത്യഹരിത വനത്തിൻ്റെ സൗന്ദര്യവും തനിമയും നുകർന്ന് വിദ്യാർത്ഥികൾ; നവ്യാനുഭവമായി കാടറിയാൻ കക്കയത്തേക്കുള്ള യാത്ര


കൂരാച്ചുണ്ട്: ബാലുശ്ശേരി മണ്ഡലത്തിലെ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർമാർക്ക് പരിസ്ഥിതി ദിനത്തിന് വേറിട്ട അനുഭവം പകർന്ന് കാടറിയാൻ കക്കയത്തേക്ക് യാത്ര. കെ.എം സച്ചിൻ ദേവ് എം എൽ എ കുട്ടികളേയും കൂട്ടി കാട്ടിലെത്തിയത് നവ്യാനുഭവമായി.

കക്കയത്തെ നിത്യഹരിത വനത്തിൻ്റെ സൗന്ദര്യവും തനിമയും നുകരാനെത്തിയ കുട്ടികളേയും എം എൽ എ യേയും വനം വകുപ്പുദ്യോഗസ്ഥരും കെ എസ് ഇ ബി, പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മൂന്നു മണിക്കൂറോളം കുട്ടികൾ ഉദ്യോഗസ്ഥ സംഘത്തോടും എം എൽ എ യോടുമൊപ്പം വനത്തിനുള്ളിൽ ചെലവഴിച്ചു.

കക്കയം ജലശേഖരത്തിലൂടെയുള്ള ബോട്ടുയാത്രയും തോണിക്കടവിലെ പ്രകൃതി ദൃശ്യവും കൂടിയായപ്പോൾ കുട്ടികൾക്ക് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം അവിസ്മരണീയ അനുഭവമായി. പുതിയ അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ്ബ് കർമപരിപാടികൾ തയ്യാറാക്കാനുള്ള തുടർ പ്രവർത്തനങ്ങൾ കൂടി ആസൂത്രണം ചെയ്താണ് എം എൽ എ യും കുട്ടികളും പിരിഞ്ഞത്.

മണ്ഡലത്തിലെ 14 ഹൈസ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. മണ്ഡലം വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, വിദ്യാഭ്യാസ സമിതി പ്രവർത്തകരായ സി കെ വിനോദ്, കെ.കെ ശിവദാസൻ, കെ.ജി സ്മിത, പരിസ്ഥിതി പ്രവർത്തകരായ ബിജു കക്കയം, കെ.ജി അരുൺ, മുജീബ് കക്കയം, കൂരാച്ചുണ്ട് പോലീസ് സബ് ഇൻസ്പക്ടർ അൻവർഷ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വിമൽ, ഹൈഡൽ ടൂറിസം പ്രതിനിധി ശിവദാസ് ചെമ്പ്ര എന്നിവർ കുട്ടികളെ അനുഗമിച്ചു.