മലയോര ഹൈവേ; കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെ ടൂറിസം പദ്ധതികള്‍ക്ക് ഏറെ ഗുണകരമാവും- മന്ത്രി മുഹമ്മദ് റിയാസ്


ബാലുശ്ശേരി: മലയോര മേഖലയുടെ സമഗ്ര വികസനം ടൂറിസം വികസനത്തിനുകൂടി ഗുണകരമാവുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി മണ്ഡലത്തിലെ കക്കയം 28ാം മൈല്‍-പടിക്കല്‍വയല്‍ മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മലയോര ഹൈവെ 2025ഓടെ പൂര്‍ത്തിയാകും. 10 റീച്ചുകളിലായി 119.11 കിലോമീറ്ററാണ് ജില്ലയിലെ മലയോര ഹൈവേ. 600 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതില്‍ പനങ്ങാട്കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി 47 കോടി രൂപ ചെലവിട്ട് ഏഴു കിലോമീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള റോഡാണ് നിര്‍മിക്കുന്നത്. ഹൈവേ യാഥാര്‍ത്ഥ്യമാവുന്നതോടെ കക്കയം, തോണിക്കടവ്, കരിയാക്കുമ്പാറ ടൂറിസംപദ്ധതികളുടെ വികസനത്തിനും ആക്കംകൂട്ടുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ 13 ജില്ലകളിലാണ് മലയോര ഹൈവേ നിര്‍മിക്കുന്നത്. ആകെ 1136 കിലോമീറ്റര്‍ ദൂരമുളള ഹൈവേക്ക് കിഫ്ബിയില്‍നിന്നും 2985 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 133 കിലോമീറ്റര്‍ മലയോര ഹൈവേ യാഥാര്‍ഥ്യമായിരിക്കയാണെന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ.എം. സചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരാക്കട, ജില്ലാ പഞ്ചായത്തംഗം റംസീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. ഹസീന, ലീബ, പഞ്ചായത്തംഗങ്ങളായ റൈജ സമീന്‍, ലാലി രാജു, ജെസി ജോസഫ്, അരുണ്‍ റോയ്, ഇസ്മായില്‍ കുറുമ്‌ബൊയില്‍, കെ.കെ. ബാബു, അമ്ബാടി ബാബുരാജ്, പി. സുധാകരന്‍, എന്‍.എം. നാരായണന്‍ കിടാവ്, വി.കെ.സി ഉമ്മര്‍ മൗലവി, ബേബി പൂവത്തിങ്കല്‍ എന്‍. കൂട്ട്യാലി, എസ്. ദീപു എന്നിവര്‍ സംസാരിച്ചു.

കെ.ആര്‍.എഫ്.ബി പ്രൊജക്ട് ഡയറക്ടര്‍ എം. അശോക് കുമാര്‍ സ്വാഗതവും കെ. നന്ദിയും പറഞ്ഞു.