കൂരാച്ചുണ്ട് ടൗണ്‍-വട്ടച്ചിറ റോഡ് ടാറിംഗ് തകര്‍ന്ന് യാത്ര ദുഷ്‌കരം; മഴയ്ക്കുമുമ്പേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍


കൂരാച്ചുണ്ട്: റോഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ദുരിത യാത്രയുമായി ജനങ്ങള്‍. കൂരാച്ചുണ്ട് ടൗണ്‍ – വട്ടച്ചിറ റോഡിലാണ് യാത്രക്കാര്‍ക്ക് നടുവൊടിഞ്ഞുള്ള യാത്ര ചെയ്യേണ്ടി വരുന്നത്. പഞ്ചായത്ത് ഒന്‍പത്, പത്ത്, പന്ത്രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വട്ടച്ചിറ റോഡിന്റെ കൂരാച്ചുണ്ട് ടൗണ്‍ മുതല്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം വരുന്ന ഭാഗം ടാറിംഗ് പാടെ തകര്‍ന്നതാണ് പ്രശ്‌നത്തിന് കാരണം.

സംഭവത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും നാട്ടുകാര്‍ക്കിടയില്‍ വ്യാപക ആക്ഷേപം ഉയരുന്നു. റോഡിന്റെ ഏറിയ ഭാഗവും ടാറിംഗ് തകര്‍ന്ന് വന്‍കുഴികള്‍ രൂപപ്പെട്ടതിനാല്‍യാത്ര വളരെ പ്രയാസമാണ്. പ്രത്യേകിച്ച് മഴക്കാലമാകുമ്പോള്‍ റോഡിലെ കുഴികള്‍ കാണാത്തതിനാല്‍ പലപ്പോഴും അപകടങ്ങളും സംഭവിക്കുന്നു.

പഞ്ചായത്തിലെ മണ്ണൂപ്പൊയില്‍, വട്ടച്ചിറ പ്രദേശങ്ങളിലുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡാണിത്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.