കുഞ്ഞുതലകളിലും ഹെല്‍മറ്റ് നിര്‍ബന്ധം; ഇരുചക്രവാഹനങ്ങളിലെ നാല് വയസിന് മുകളിലുള്ള സഹയാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്


പേരാമ്പ്ര: ഇരുചക്രവാഹന യാത്രികര്‍ക്കായുള്ള നിയമങ്ങള്‍ കടുപ്പിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. നാല് വയസിന് മുകളിലുള്ള സഹയാത്രികരെ നിയമപരമായി ഒരു പൂര്‍ണ്ണയാത്രികന്‍ എന്ന നിലയ്ക്ക് കണക്കാക്കി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനമാണ് വന്നത്.

ഇത് സംബന്ധിച്ച് കേന്ദ്രമോട്ടോര്‍ വാഹനനിയമം സെക്ഷന്‍ 129 ല്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്. കൂടാതെ സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും അടക്കമുള്ള അധികസുരക്ഷാ സംവിധാനങ്ങളോടെ അത്യാവശ്യഘട്ടങ്ങളില്‍ നാലു വയസ്സിന് താഴെയുള്ളവരെ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകാം എന്നും മേട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങളില്‍ ഓടിക്കുന്ന ആളോടൊപ്പം മറ്റൊരാള്‍ക്ക് മാത്രം യാത്ര ചെയ്യാനുള്ള അനുവാദമേയുള്ളൂയെങ്കിലും നേരത്തേ അവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇരുചക്രവാഹനാപകടങ്ങളുടെ വര്‍ധനവും സുരക്ഷിതത്വക്കുറവും കണക്കിലെടുത്താണ് ഇപ്പോള്‍ ചട്ട ഭേദഗതി വരുത്തിയിട്ടുള്ളത്.