പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് 2023 ന് നാടൊരുങ്ങി; ഫെസ്റ്റ് നഗരിയിൽ മെഗാ ശുചീകരണം


 


പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി മെഗാ ശുചീകരണം നടത്തി. മലബാറിൻ്റെ ടൂറിസം കലണ്ടറിൽ ഇടം പിടിക്കും വിധം ആസൂത്രണം ചെയ്ത പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് വേണ്ടി പെരുവണ്ണാമൂഴി ഡാം സൈറ്റ് പ്രദേശത്ത് നിർമിക്കുന്ന ഫെസ്റ്റ് നഗരി, കാർണിവൽ മൈതാനം, എക്സിബിഷൻ സെൻ്ററുകൾ തുടങ്ങിയവയുടെ പ്രാരംഭ പ്രവർത്തനങ്ങളാണ് മെഗാ ശുചീകരണ പരിപാടിയോടെ ആരംഭിച്ചത്.

പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റ്, ഓരോ ദിവസവും പതിനായിരത്തിലേറെ ജനങ്ങൾ പങ്കെടുക്കുന്ന സാഹചര്യം മുൻ നിർത്തിയാണ് മെഗാ ശുചീകരണയജ്ജം സംഘടിപ്പിച്ചത്.

ഫെസ്റ്റ് ദിവസങ്ങളിൽ 50 ഹരിത സേന അംഗങ്ങൾ ഫെസ്റ്റ് നഗരി പൂർണമായും വൃത്തിയാക്കി മാറ്റുന്നതിനുള്ള പ്ലാനും സംഘാടകർ സ്വീകരിച്ചു. പരിപാടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം കൺവീനർ പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, ബിന്ദു വത്സൻ അംഗങ്ങളായ എം.എം. പ്രദീപൻ, ആലീസ് ടീച്ചർ, ബിന്ദു സജി, വിനിഷ ദിനേശൻ, ലൈസ ജോർജ്, രാജേഷ് തരവട്ടത്ത്, വിനീത മനോജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.സി. സുരാജൻ, എ.ജി. രാജൻ, ബിജു ചെറുവത്തൂർ, വി.കെ. ഷിനിത്, ഷെമിൻ ആസ്മിൻ, വി.വി. കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.