ഉള്ളിയും പച്ചക്കറികളും കൊണ്ടുവരുന്നതിന്റെ മറവില്‍ മയക്കുമരുന്ന് കടത്ത്; പിടിച്ചെടുത്തത് 794 ഗ്രാം ഹാഷിഷ് ഓയിലും 256 ഗ്രാം എംഡിഎംഎയും, കോഴിക്കോട് വന്‍തോതില്‍ മയക്കുമരന്ന് വില്‍പന നടത്തിയ ആള്‍ അറസ്റ്റില്‍


കോഴിക്കോട്: വന്‍ മയക്കുമരുന്ന് വ്യാപാരി കോഴിക്കോട് പിടിയില്‍. നല്ലളം സ്വദേശിയായ ലബൈക്ക് വീട്ടില്‍ ജെയ്‌സലിനെയാണ് വില്‍പനയ്ക്കായി കൊണ്ടുവന്ന 360 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

കസബ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജഗ്മോഹന്‍ ദത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ച മയക്കുമരുന്നിനെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എംഡിഎംഎ ഉള്‍പ്പെടെ മാരകമായ ലഹരിമരുന്നാണ് പൊലീസ് കണ്ടെടുത്തത്. പത്ത് ലക്ഷം രൂപയോളം വിലവരുന്ന 256 ഗ്രാം എംഡിഎംഎയും 20 ലക്ഷം രൂപയോളം വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

സിന്തറ്റിക് – സെമി സിന്തറ്റിക് മയക്കുമരുന്നുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് വില്‍പ്പന നടത്തിയിരുന്ന ജെയ്‌സല്‍ ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്. ആന്ധ്ര, മണാലി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്ന മയക്കുമരുന്നാണ് വിദ്യാര്‍ത്ഥികളിലേക്ക് ഒഴുക്കിവിട്ടിരുന്നത്. മയക്കുമരുന്ന് വില്‍പനയിലൂടെ പണം സമ്പാദിക്കുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ കൂട്ടുകാരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കടമെടുക്കാറുള്ള പതിവും ജെയ്‌സലിന് ഉണ്ടായിരുന്നു.

മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിന് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണയുടെ നിര്‍ദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളിയും പച്ചക്കറികളും കൊണ്ടുവരുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. മണാലി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നും ചുരുങ്ങിയ വിലയില്‍ കടത്തിക്കൊണ്ടു വരുന്ന ഹാഷിഷ് ഓയില്‍ ഗ്രാമിന് രണ്ടായിരം രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. മണാലി ചരസ് എന്ന പേരില്‍ വിപണിയിലിറങ്ങുന്ന ഹാഷിഷ് ഓയില്‍ ചോദിക്കുന്ന വിലയ്ക്ക് എടുക്കാന്‍ ആവശ്യക്കാരുണ്ടെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

പ്രതിയില്‍ നിന്നും ആകെ 794 ഗ്രാം ഹാഷിഷ് ഓയിലും 256 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. ഫോണില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ആവശ്യക്കാര്‍ അതുവഴി ആശയവിനിമയം നടത്തിയാണ് കോടികള്‍ വിപണിമൂല്യം വരുന്ന മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാര്‍, സി കെ സുജിത്ത്, കസബ സബ് ഇന്‍സ്‌പെക്ടര്‍ രാംദാസ് സീനിയര്‍ സിപിഒമാരായ പി എം രതീഷ്, വി കെ ഷറീനബി, അജയന്‍, എന്‍ രജ്ഞുഷ്, മനോജ്, സുനില്‍ കൈപ്പുറത്ത്, ശ്രീശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.