കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര വഴി മൈസൂരിലേക്ക് റെയില്‍പാത; അനുകൂലമായി പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സാധ്യതാ പഠനം നടത്തണമെന്നാവശ്യപ്പെട്ട് റെയില്‍വേയ്ക്ക് നിവേദനം


പേരാമ്പ്ര: കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയും വയനാടും കടന്ന് മൈസൂരിലേക്ക് ഒരു ട്രെയിന്‍ യാത്ര, അത് ഒരുപാട് പേര്‍ക്ക് പ്രയോജനപ്രദമാകുമെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെയൊരു ട്രെയിന്‍ റൂട്ട് സാധ്യമാക്കുന്നതിനുള്ള നിര്‍ദേശം റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നുവെന്ന വാര്‍ത്തകള്‍ തന്നെ വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്താവില്ലയെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ഇപ്പോഴും അണിയറയില്‍ നീക്കം സജീവമാണ്.

ഇത്തരമൊരു റെയില്‍പാത നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ കൗണ്‍സില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് നിവേദനം നല്‍കിയിരിക്കുകയാണ്. ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച മന്ത്രി ഇക്കാര്യത്തില്‍ സാധ്യതാ പഠനം നടത്തണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് നിവേദനം കൈമാറി.

വയനാട് ജില്ലയില്‍ നിലവില്‍ റെയില്‍പ്പാതയില്ല. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോടിനും മൈസൂരുവിനും ഇടയില്‍ പുതിയ റെയില്‍പ്പാത സാധ്യമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. കണ്ണൂരിലെ റി. ഐ.എഫ്.എസ് ഓഫീസറും സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ റൈറ്റ്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായ ഒ.ജയരാജനും സംഘവുമാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ജയരാജന്റെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

കൊയിലാണ്ടിയില്‍ നിന്നും മൈസൂരുവിന്റെ പ്രാന്തപ്രദേശമായ കടകോളവരെ 190 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍ ശൃംഖല സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. പേരാമ്പ്ര, മുള്ളന്‍കുന്ന്, വാളൂക്ക്, നിരവില്‍പ്പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി, കൃഷ്ണരാജപൂരം, എച്ച്.ഡി.കോട്ടെ, ഹംപാപുര, ബിദിരാഗോഡു വഴിയാണ് പാത കടന്നുപോകുന്നത്.

നേരത്തെ കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഢിന്റെ മുന്‍ കണ്‍സള്‍ട്ടന്റ് കൂടിയായിരുന്നു ഒ.ജയരാജന്‍. പുതിയ റെയില്‍വേ പാതയും ജങ്ഷനും സ്ഥാപിക്കാനുള്ള സ്ഥലസൗകര്യം മലബാറിലെ മറ്റ് ഏത് സ്റ്റേഷനെക്കാളും ലഭ്യമാവുക കൊയിലാണ്ടിയിലാണെന്ന് ഒ.ജയരാജന്‍ പറഞ്ഞു. ഈ പാതയ്ക്ക് വളരെക്കുറച്ച് മാത്രമേ വനഭൂമി വേണ്ടിവരുകയുള്ളൂ. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് തകരാറുണ്ടാവാതിരിക്കാന്‍ പുല്‍പ്പള്ളിയ്ക്കും കൃഷ്ണരാജപുരത്തിനും ഇടയില്‍ വനമേഖലയിലൂടെ പാത കടന്നുപോകുന്നിടത്ത് 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കബനി ടണ്‍ നിര്‍മ്മിക്കാനും നിര്‍ദേശമുണ്ട്.

ഈ റെയില്‍വേ റൂട്ട് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ കോഴിക്കോടുനിന്നും മൈസൂര്‍ വരെയുള്ള യാത്രാദൂരം 230 കിലോമീറ്റര്‍ ആയി കുറയും. നിലവില്‍ ബംഗളുരു വഴി 715 കിലോമീറ്ററും മംഗളുരു വഴി 507 കിലോമീറ്ററുമാണ് മൈസൂരുവിലേക്കുള്ള ദൂരം. ഇതിനു പുറമേ റെയില്‍വേ ബോര്‍ഡ് ഇതിനകം തന്നെ അംഗീകാരം നല്‍കിയ തിരുനാവായ ഗുരുവായൂര്‍ റെയില്‍ ലൈന്‍ പൂര്‍ത്തിയായാല്‍ ബംഗളുരുവില്‍ നിന്നും മൈസൂര്‍, കോഴിക്കോട്, ഗുരുവായൂര്‍, എറണാകുളം വഴി തിരുവനന്തപുരത്തേക്കുള്ള ഏറ്റവും എളുപ്പമുള്ള റൂട്ടാകും ഇത്.