വട്ടവടയില്‍ ഒരു ലൈബ്രറി സ്വപ്‌നം കണ്ട അഭിമന്യുവിന് കൂരാച്ചുണ്ടിലും ലൈബ്രറിയായി;അഭിമന്യു മഹാരാജാസ് ലൈബ്രറി 29-ന് തുറന്ന് നല്‍കും


കുരാച്ചുണ്ട്: വട്ടവടയിലൊരു ലൈബ്രറി സ്വപ്നം കണ്ട സഖാവ് അഭിമന്യുവിനായി ഇങ്ങ് കൂരാച്ചുണ്ടിലും ഒരു ലൈബ്രറിയൊരുങ്ങിക്കഴിഞ്ഞു. അഭിമന്യു മഹാരാജാസ് എന്ന പേര് നൽകിയ കൂരാച്ചുണ്ടിലെ ഈ മികച്ച വായനശാല നവംബർ 29 നാണ് നാടിനായി തുറന്ന് കൊടുക്കുന്നത്. എ.എ.റഹീം എം.പി. ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും. കെ.എം.സച്ചിൻ ദേവ് എം.എൽ.എ. ആണ് മുഖ്യാതിഥിയായി എത്തുന്നത്.

അഭിമന്യുവിന്റെ വിയോഗ സമയം തൊട്ട് ഇത്തരമൊരു വായനശാലയെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും പ്രളയവും കൊവിഡും കാരണം അത് മുന്നോട്ട് കൊണ്ടുപോകാനായില്ല. ആ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്ന് ലൈബ്രറി കമ്മറ്റി സെക്രട്ടറി അരുൺ.കെ.ജി. പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മഹാരാജാസ് കോളേജിൽ വർഗീയതയ്ക്കെതിരെ എഴുതുകയും പൊരുതുകയും ചെയ്തതിന് എൻ.ഡി.എഫുകാർ ജീവനെടുത്ത ധീര രക്തസാക്ഷിയാണ് അഭിമന്യു. ലൈബ്രറിക്കായി ആദ്യം പുസ്തകം ഏറ്റുവാങ്ങിയത് അഭിമന്യുവിന്റെ മാതാപിതാക്കളിൽ നിന്നാണ്. അഭിമന്യുവിനോട് ഏറെ ആത്മബന്ധമുണ്ടായിരുന്ന സൈമൺ ബ്രിട്ടോയും അഭിമന്യുവിന്റെ സുഹൃത്തുക്കളും ഇത്തരമൊരു ലൈബ്രറിക്ക് പൂർണ പിന്തുണ നൽകിയിരുന്നു.

തുടക്കത്തിൽ ഡി.വൈ.എഫ്.ഐക്കാരാണ് ലൈബ്രറിക്കായി മുൻ കൈ എടുത്തിറങ്ങിയതെങ്കിലും പിന്നീട് നാട്ടിലെ സാംസ്കാരിക പ്രവർത്തകരും പ്രാദേശിക എഴുത്തുകാരുമെല്ലാം ഉൾപ്പെട്ട ഒരു കമ്മറ്റി രൂപീകരിച്ചു. അഡ്വക്കറ്റ് പി.എം.തോമസ് പ്രസിഡന്റായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങളെല്ലാം നടന്നത്.

‘സി.പി.എം.പാർട്ടി ഓഫീസിന്റെ മുകൾ നിലയിലായാണ് ലൈബ്രറിയുടെ പ്രവർത്തനമെന്നിലും പാർട്ടി ഓഫീസിൽ നിന്ന് പ്രവേശിക്കാനാവാത്ത വിധവും പൊതുവായി എല്ലാവർക്കും പ്രവേശിക്കാവുന്ന രീതിയിലുമാണ് ലൈബ്രറിയുടെ നിർമ്മാണമെന്നും അരുണ്‍ പറഞ്ഞു.