അരിക്കുളത്ത് കണ്ടെത്തിയ നന്നങ്ങാടികള്‍ മഹാശില സംസ്‌കാരത്തിലെതെന്ന് പുരവസ്തു വിദഗ്ധര്‍; ലഭിച്ചത് ഒന്നിലേറെ അറകളുള്ള ഗുഹ


അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കാരയാട് ഉമ്മിണിയത്ത് മീത്തൽ വീടിന് തറയെടുക്കുമ്പോൾ കഴിഞ്ഞ ദിവസം കണ്ടെത്തിയ പുരാതന വസ്തുക്കളും ഗുഹയും മഹാശില സംസ്കാരത്തിൻ്റെ അവശേഷിപ്പാണെന്ന് പുരവസ്തുവിദഗ്ധർ. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ളവയാണ് ഈ ഗുഹയും മൺപാത്രങ്ങളുമെന്ന് ഇന്നലെ ഗുഹ സന്ദർശിച്ച പുരാവസ്തു വകുപ്പ് ജില്ലഓഫിസറും പഴശിരാജ മ്യൂസിയം ഓഫിസറുമായ കെ.കൃഷ്ണരാജ് പറഞ്ഞു.

സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്ഥമായുള്ള ഗുഹയാണ് അരിക്കുളത്ത് കണ്ടെത്തിയത്. ഒന്നിലധികം അറകളുള്ള ഗുഹയാണ് അവിടെ കണ്ടത്തിയത്. സാധാരണ ഒരു അറ മാത്രമെ ഇത്തരത്തിലുള്ള ഗുഹയിൽ ഉണ്ടാകാറുള്ളൂ. രണ്ടാമത്തെ അറയിലെ വഴി തുറന്നു നോക്കി പരിശോധന നടത്തിയാലെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയുകയുള്ളൂ. കണ്ടെത്തിയ ഗുഹയുടെ വിവരങ്ങൾ സംസ്ഥാന പുരാവസ്തു ഡയരക്ടർക്ക് അയച്ചുകഴിഞ്ഞു. അദ്ദേഹത്തിൻ്റെ ഉത്തരവ് ലഭിച്ചാൽ രണ്ടാമത്തെ അറയുടെ വഴി തുറന്ന് പരിശോധന നടത്തും.

മഹാശില സംസ്കാരത്തിൽ ആളുകൾ മരിച്ചു കഴിഞ്ഞാൽ അവരുടെ അസ്ഥിക്കൊപ്പം മൺപാത്രങ്ങളും ഇരുമ്പും എല്ലാം ചേർത്തിട്ട് ഗുഹ വെട്ടി ഉണ്ടാക്കി അടക്കം ചെയ്യാറുണ്ട്. 2000 മുതൽ 2500 വരെ പഴക്കമുണ്ടാവും ഇതിനു്. യഥാർഥ പഴക്കമറിയാൻ കിട്ടിയ വസ്തുക്കളിൽ ശാസ്ത്രീയ പരിശോധന നടത്തണം. നാട്ടുകാർ ഗുഹയിൽ നിന്നു കണ്ടെത്തിയ മൺപാത്രങ്ങളും മറ്റു വസ്തുക്കളും കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിലേക്ക് മാറ്റി. പുരാവസ്തു ജില്ലാ ഓഫിസർ കെ.കൃഷ്ണ രാജിനൊപ്പം മ്യൂസിയം ഗൈഡുമാരായ വി.എ.വിമൽ കുമാർ, എം.ബിനോജ് എന്നിവർ പ്രാഥമിക പരിശോധനക്ക് നേതൃത്വം നൽകി.