ഉള്ളിയേരി തയ്യൽക്കടയിലെ മോഷണം; രണ്ടുപേർ പിടിയിൽ


ഉള്ളിയേരി: തെരുവത്തുകടവിലെ ആതിര ടെയ്‌ലർഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അത്തോളി പോലീസ് അറസ്റ്റുചെയ്തു. ഒറവിൽ കുനിയിൽ ഫായിസ് 29 വയസ്സ്, വെള്ളറം വെള്ളിച്ചാലിൽ റാഷിദ് 29 വയസ്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഫായിസിനെ ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് തെളിവെടുപ്പിനായി തയ്യൽക്കടയിലും തൊണ്ടികളുപേക്ഷിച്ച രാമൻപുഴയുടെ തീരത്തും കൊണ്ടുവന്നു. ഇയാളെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാഷിദ് പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. സബ് ഇൻസ്‌പെക്ടർമാരായ കെ.ടി.രഘു, സുരേഷ്ബാബു, സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്.

ശനിയാഴ്ച പുലർച്ചെയാണ് തയ്യൽക്കടയിൽ മോഷണം നടന്നത്. ഞായറാഴ്ച നടത്തിയ തിരച്ചിലിൽ തയ്യൽമെഷിനിൽ ഒന്ന് പുഴയിൽനിന്ന് പോലീസ് കണ്ടെടുത്തിരുന്നു. 50,000 രൂപയുടെ തുണിത്തരങ്ങളുൾപ്പെടെ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു.